ഒരു സിനിമാപ്രേമി എന്ന നിലയില്‍ കോമഡി ചിത്രങ്ങളാണ് കോലിക്ക് ഏറെയിഷ്ടം
2008 ലെ അരങ്ങേറ്റ ടൂര്‍ണമെന്‍റ് മുതല്‍ റെക്കോര്‍ഡ് ബുക്കുകളില്‍ പതിയാന്‍ തുടങ്ങിയതാണ് വിരാട് കോലി എന്ന പേര്. ഈ ലോകകപ്പിലും അതിന് മാറ്റമൊന്നുമുണ്ടായില്ല. സച്ചിനെ മറികടന്ന് ഏറ്റവുമധികം സെഞ്ചുറികള്‍ സ്വന്തം പേരില്‍ കുറിച്ച കോലി ഇന്നത്തെ ഫൈനല്‍ ആരംഭിച്ചപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് നിലവില്‍ അദ്ദേഹം. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ കോലിയുടെ താല്‍പര്യങ്ങള്‍ പക്ഷേ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നതല്ല. അഡ്വഞ്ചര്‍ സ്പോര്‍ട്സിലും ടെന്നിസിലും ഫുട്ബോളിലുമൊക്കെ താല്‍പര്യമുള്ള കോലി ഒരു സിനിമാപ്രേമി കൂടിയാണ്. യാത്രയില്‍ ഏറെ തല്‍പരനും.
ഒരു സിനിമാപ്രേമി എന്ന നിലയില്‍ കോമഡി ചിത്രങ്ങളാണ് കോലിക്ക് ഏറെയിഷ്ടം. ഏറെ തിരക്കും സമ്മര്‍ദ്ദവുമൊക്കെയുള്ള ജീവിതത്തില്‍ എല്ലാം മറന്ന് പൊട്ടിച്ചിരിക്കാന്‍ അവ അവസരം നല്‍കുന്നു എന്നതുതന്നെ അതിന് കാരണം. പല അഭിമുഖങ്ങളിലും അവ ഏതൊക്കെയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇഷ്ട ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഒരിക്കലും വിട്ടുപോകാത്ത പേരുകളില്‍ ഒന്നാണ് പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ധോള്‍. രാജ്‍പാല്‍ യാദവും തുഷാര്‍ കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണിത്.
ഭാര്യ അനുഷ്ക ശര്‍മ്മ അഭിനയിച്ചവയില്‍ കോലിയുടെ ഇഷ്ട ചിത്രങ്ങള്‍ രണ്ടെണ്ണമാണ്. കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ 2016 ല്‍ പുറത്തെത്തിയ ഏ ദില്‍ ഹെ മുഷ്കിലും ആമിര്‍ ഖാന്‍ നായകനായ പികെയും. രണ്‍ബീര്‍ കപൂര്‍ ആണ് ഏ ദില്‍ ഹെ മുഷ്കിലിലെ നായകന്‍. കേന്ദ്ര കഥാപാത്രങ്ങളായ അയാനും അലീസയ്ക്കും ഇടയിലുള്ള സംഘര്‍ഷഭരിതമായ ബന്ധമാണ് സിനിമയുടെ പശ്ചാത്തലം. ആമിറിനൊപ്പം സുശാന്ത് സിംഗ് രജ്‍പുതും അനുഷ്കയുമാണ് പികെയിലെ പ്രധാന താരങ്ങള്‍.
കള്‍ട്ട് കോമഡികള്‍ എടുത്താല്‍ ജാനെ ഭി ദോ യാരോ എന്ന ചിത്രത്തോട് പ്രത്യേക ഇഷ്ടമുണ്ട് അദ്ദേഹത്തിന്. 1983 ല്‍ പുറത്തെത്തിയ സറ്റയര്‍ ബ്ലാക്ക് കോമഡിയില്‍ നസറുദ്ദീന്‍ ഷാ, ഓം പുരി, നീന ഗുപ്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം കോലിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ ഇതൊന്നുമല്ല. പ്രിയതാരം ആമിര്‍ ഖാനൊപ്പം സല്‍മാന്‍ ഖാനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, രാജ്‍കുമാര്‍ സന്തോഷിയുടെ സംവിധാനത്തില്‍ 1994 ല്‍ പുറത്തെത്തിയ അന്താസ് അപ്ന അപ്നയാണ് കോലിയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക