2025-ന് ശേഷം അഭിനയത്തിൽ നിന്ന് വിരമിക്കുമെന്ന് സൂചിപ്പിച്ച സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ, തന്റെ പ്രഖ്യാപനത്തില്‍ വിശദീകരണം നല്‍കി നടന്‍ വിക്രാന്ത് മാസി
മുംബൈ: 2025 ന് ശേഷം അഭിനയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ സൂചിപ്പിച്ച് അത് വന്‍ വാര്‍ത്തയായതിന് പിന്നാലെ തന്‍റെ വാക്കുകൾ ആളുകള്‍ തെറ്റായി വായിച്ചുവെന്ന് പറഞ്ഞ് നടന്‍ വിക്രാന്ത് മാസി രംഗത്ത് എത്തി. താന്‍ ഒരു വലിയ ഇടവേള വേണമെന്നാണ് ഉദ്ദേശിച്ചതെന്നും അല്ലാതെ അഭിനയം നിര്‍ത്തുന്നതല്ല ഉദ്ദേശിച്ചത് എന്നുമാണ് നടന്‍ ഇപ്പോള്‍ പറയുന്നത്.
വിക്രാന്ത് മാസി ന്യൂസ് 18-നോട് തന്‍റെ ഭാഗം വിശദീകരിച്ചു, “ഞാൻ റിട്ടയർ ചെയ്യുന്നില്ല . ഒരു നീണ്ട ഇടവേള വേണം. വീട് വല്ലാതെ മിസ് ചെയ്യുന്നു,ആരോഗ്യവും ശ്രദ്ധിക്കണം... ആളുകൾ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്" അദ്ദേഹം പറഞ്ഞു.
undefined
ബോളിവുഡിലെ പുതിയ താരോദയമായ നടന്‍ വിക്രാന്ത് മാസി അഭിനയത്തിൽ നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്തയ്ക്ക് കഴിഞ്ഞ ദിവസം ഇടവരുത്തത് അദ്ദേഹത്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു.
“ഹലോ, കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും.
അതിനാൽ, 2025-ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു " വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇതിന് പിന്നാലെ 37 വയസുകാരനായ വിക്രാന്തിന്‍റെ വിരമിക്കല്‍ വലിയ വാര്‍ത്തയായി മാറി. ഇതിലാണ് ഇപ്പോള്‍ നടന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ടിവി താരമായിട്ടാണ് 37 കാരനായ വിക്രാന്ത് മാസി കരിയർ ആരംഭിച്ചത്. ധരം വീർ, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ സീരിയല്‍ താരമായിരുന്നു വിക്രാന്ത് മസി. പിന്നീട് രൺവീർ സിംഗ്-സോനാക്ഷി സിൻഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അഭിനയം, വൈവിധ്യമാർന്ന റോൾ സെലക്ഷൻ എന്നിവയിലൂടെ വിക്രാന്ത് മാസി പ്രശംസ നേടി. ഛപാക്കിൽ മിർസാപൂർ എന്ന ക്രൈം ത്രില്ലർ വെബ് സീരീസിലെ ബബ്ലു പണ്ഡിറ്റിന്‍റെ വേഷം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. വിദു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത്ത് ഫെയില്‍ കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റായിരുന്നു. 2002ൽ ഗുജറാത്തിൽ നടന്ന ഗോധ്ര ട്രെയിൻ ദുരന്തത്തെ ആസ്പദമാക്കിയുള്ളതാണ് സബർമതി റിപ്പോർട്ടാണ് അവസാനം റിലീസായ ചിത്രം.