അല്‍ പച്ചീനോ അവതരിപ്പിച്ച മൈക്കിള്‍ കോളിയോണിയായി മോഹന്‍ലാല്‍
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ചിത്രമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ സംവിധാനത്തിലെത്തിയ ദി ഗോഡ്ഫാദര്‍ ഫ്രാഞ്ചൈസി. 1972 മുതല്‍ 1990 വരെ മൂന്ന് ഭാഗങ്ങളിലായി എത്തിയ ചിത്രം പില്‍ക്കാലത്ത് ലോകമെങ്ങുമുള്ള ചലച്ചിത്ര വിദ്യാര്‍ഥികളുടെ റെഫറന്‍സ് തന്നെയായി മാറി. മെര്‍ലണ്‍ ബ്രാന്‍ഡോയും അല്‍ പച്ചീനോയും അടക്കമുള്ളവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ അവരുടെ സ്ഥാനത്ത് മലയാളത്തിലെ പ്രഗത്ഭ താരങ്ങള്‍ ആയിരുന്നെങ്കിലോ? മുന്‍പ് ഒരു ആശയം മാത്രമായി നില്‍ക്കുമായിരുന്ന ഇത്തരം കൌതുകങ്ങള്‍ ഇപ്പോള്‍ താല്‍പര്യവും സമയവും ഉള്ളവര്‍ക്ക് ദൃശ്യവല്‍ക്കരിക്കാം. ഇപ്പോഴിതാ ഗോഡ്ഫാദറിന്‍റെ മോളിവുഡ് വെര്‍ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയ്ക്ക് 1.25 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. അല്‍ പച്ചീനോയുടെ മൈക്കിള്‍ കോളിയോണിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മൈക്കിളിന്‍റെ സഹോദരന്‍ ഫ്രെഡോ കോളിയോണിയായി എത്തുന്നത് ഫഹദ് ഫാസില്‍ ആണ്. ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തിന്‍റെ ഉടമ മോ ഗ്രീന്‍ എന്ന കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയും. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമടക്കം തരംഗം ആയിക്കൊണ്ടിരിക്കുന്ന വീഡിയോ നടന്‍ വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചിട്ടുണ്ട്. എഐയുടെ ഭാവി സാധ്യതകളെക്കുറിച്ചുള്ള സിനിമാഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ക്കും ഈ വീഡിയോ ഇടയാക്കിയിട്ടുണ്ട്.
Mollywood Godfather: Deepfake Edition | Mohanlal, Mammootty, and Fahadh Faasil pic.twitter.com/SjJFaY2la7
— Tom Antony (@tom_antonyy)
undefined
മരിയോ പുസോയുടെ ഇതേ പേരിലുള്ള നോവലാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സിനിമയാക്കിയത്. മരിയോ പുസോയ്ക്കൊപ്പം കപ്പോളയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മികച്ച തിരക്കഥ, സംവിധാനം, പ്രകടനങ്ങള്‍, സംഗീതം, ഛായാഗ്രഹണം തുടങ്ങി എല്ലാ മേഖലകളിലും മികവ് തെളിയിച്ച ദി ഗോഡ്ഫാദര്‍ ട്രിലജി ലോക സിനിമാപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.
WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം