"ആ പെണ്‍കുട്ടിയുടെ വ്യക്തിത്വവും, സ്വകാര്യതയും നശിപ്പിക്കരുത്": രൂക്ഷമായി പ്രതികരിച്ച് വിശാല്‍

By Web Team  |  First Published Aug 14, 2023, 4:25 PM IST

അടുത്ത കാലത്തായി ലക്ഷ്മി സിനിമയില്‍ സജീവമല്ല. പക്ഷെ അടുത്തിടെ വിശാല്‍ ലക്ഷ്മി മേനോന്‍ വിവാഹം എന്ന ഗോസിപ്പ് വീണ്ടും ഉയര്‍ന്നു.


ചെന്നൈ: തമിഴകത്ത് എന്നും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് നടന്‍ വിശാല്‍. അഭിനേതാക്കളുടെ സംഘടന പ്രസിഡന്‍റ് എന്ന നിലയില്‍ വലിയ പദവികള്‍ ഉണ്ടെങ്കിലും വിശാലുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ക്ക് കുറവില്ല. ഇത്തരത്തില്‍ ഏറ്റവും അവസാനമായി കേട്ടത് നടി ലക്ഷ്മി മേനോനെ വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു. 

2013-14 കാലഘട്ടത്തില്‍ വിശാലുമായി തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ചെയ്ത നായികയാണ് ലക്ഷ്മി. പാണ്ഡ്യ നാട്, നാന്‍ സിഗപ്പ് മനിതന്‍, വാസുവും ശരവണനും ഒന്നായി പഠിച്ചവങ്കെ എന്നിവയായിരുന്ന ആ ചിത്രങ്ങള്‍. ഇതിന് ശേഷം വിശാലും ലക്ഷ്മി മേനോനും പ്രണയത്തിലാണ് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന ഗോസിപ്പ് അന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അത് അന്ന് തന്നെ താരങ്ങള്‍ നിഷേധിച്ചു. 

Latest Videos

അടുത്ത കാലത്തായി ലക്ഷ്മി സിനിമയില്‍ സജീവമല്ല. പക്ഷെ അടുത്തിടെ വിശാല്‍ ലക്ഷ്മി മേനോന്‍ വിവാഹം എന്ന ഗോസിപ്പ് വീണ്ടും ഉയര്‍ന്നു. ഇതോടെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിശാല്‍. തന്‍റെ എക്സ് അക്കൌണ്ടിലിട്ട പോസ്റ്റിലൂടെ ഈ വാര്‍ത്ത വിശാല്‍ നിഷേധിക്കുന്നു. 

"ഒരു പ്രയോജനവും ഇല്ലെന്ന് അറിയുന്നതിനാല്‍ സാധാരണ ഇത്തരം വ്യാജ വാര്‍ത്തകളോട് ഞാന്‍ പ്രതികരിക്കാറില്ല. എന്നാല്‍ ലക്ഷ്മി മേനോനും ഞാനും വിവാഹിതരാകുന്നു എന്നതാണ് ഇപ്പോള്‍ കറങ്ങിനടക്കുന്ന വ്യാജ വാര്‍ത്ത.  ഇത് ഒരു സത്യവും ഇല്ലാത്തതാണ്.

ഞാന്‍ പ്രതികരിക്കാന്‍ കാരണം ഇതില്‍ ഒരു പെണ്‍കുട്ടിയുടെ പേര് ഉള്ളതുകൊണ്ടാണ്. ഒരു നടി എന്നതിനപ്പുറം അവര്‍ ഒരു സ്ത്രീയാണ്. അവരുടെ വ്യക്തിത്വത്തെയും, സ്വകാര്യ ജീവിതത്തെയുമാണ് നിങ്ങള്‍ മോശമാക്കുന്നത്.

ഭാവിയില്‍ നടന്നേക്കാവുന്ന എന്‍റെ വിവാഹത്തിന്‍റെ സമയവും വര്‍ഷവും മറ്റും കണ്ടുപിടിക്കാന്‍ ഇത് ബര്‍മുഡ ട്രായങ്കിള്‍ ദുരൂഹതയൊന്നും അല്ല. അത് സംഭവിക്കുമ്പോള്‍ ഞാന്‍ ഔദ്യോഗികമായി അറിയിക്കും" -വിശാല്‍ എക്സ് പോസ്റ്റില്‍ പറയുന്നു. 

അതേ സമയം സിങ്കം പോലുള്ള ഹിറ്റുകള്‍ എടുത്ത ഹരിയുടെ ചിത്രത്തില്‍ നായകനാകാന്‍ പോവുകയാണ് വിശാല്‍.  'യാനൈ'യാണ് ഹരിയുടെ സംവിധാനം ചെയ്‍തതില്‍ ഒടുവില്‍ എത്തിയ ചിത്രം. ഇനി ഒരു ഗ്രാമീണ സിനിമയിലാണ് താൻ നായകനാകുക എന്ന് വിശാലാണ് വെളിപ്പെടുത്തിയത്. തൂത്തുക്കുടിയിലാകും ഹരിയുടെ ചിത്രത്തിന്റെ ചിത്രീകരണം. എന്തായിരിക്കും പ്രമേയമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിശാല്‍ നായകനായി 'മാര്‍ക്ക് ആന്റണി'യെന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. വിശാലിനൊപ്പം എസ് ജെ സൂര്യയുമുള്ള ചിത്രത്തില്‍ റിതു വര്‍മ, സെല്‍വ രാഘവൻ, സുനില്‍, അഭിനയ, നിഴഗല്‍ രവി, യൈ ജി മഹേന്ദ്രനും വേഷമിടുമ്പോള്‍ സംവിധാനം ആദിക് രവിചന്ദ്രനാണ്.

ഭോല ശങ്കര്‍ ഫ്ലോപ്പിലേക്ക്: അനിയത്തിയായി കീര്‍ത്തിക്ക് രാശിയില്ലെന്ന് ചര്‍ച്ച.!

ടൈറ്റാനിക് സിനിമയില്‍ ഏറ്റവും വൈകാരിക രംഗത്ത് റോസ് ഇട്ട വസ്ത്രം ലേലത്തിന്; തുക ഞെട്ടിക്കും.!

tags
click me!