ആശംസകളുമായി സിനിമാലോകം, നന്ദി പറഞ്ഞ് ശരിക്കും 'കുഞ്ഞപ്പന്‍'

2019ല്‍ അവസാനം പുറത്തിറങ്ങിയ ഹിറ്റുകളിലൊന്നായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സൗബിനും സുരാജ് വെഞ്ഞാറംമൂടും ഒരുമിച്ച ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത് ഒരു റോബോട്ടായിരുന്നു.

Sooraj Thelakkad about  android kunjappan version 5.25

2019ല്‍ അവസാനം പുറത്തിറങ്ങിയ ഹിറ്റുകളിലൊന്നായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സൗബിനും സുരാജ് വെഞ്ഞാറംമൂടും ഒരുമിച്ച ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത് ഒരു റോബോട്ടായിരുന്നു. പ്രധാന കഥാപാത്രങ്ങളായ സൗബിനും സുരാജിനും ഒപ്പം തന്നെ ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു ആ റോബോട്ടിന്‍റേതും. അതല്ലെങ്കില്‍ കേന്ദ്ര കഥാപാത്രം റോബോട്ട് തന്നെയാണെന്ന് പറയാം.

റോബോട്ടും ഒരു വയോധികനും തമ്മിലുള്ള ബന്ധത്തിന്‍റെയും പുതിയ കാല കുടുംബ ബന്ധങ്ങളുടെയും വ്യത്യസ്ത ആവിഷ്കാരമായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ചിത്രത്തില്‍ റോബോര്‍ട്ടിനെ അവതരിപ്പിച്ചത് ഒറിജിനല്‍ റോബോട്ട് തന്നെയാണെന്നായിരുന്നു അണിയറക്കാര്‍ തുടക്കം മുതല്‍ പറഞ്ഞത്. എന്നാല്‍ ചിത്രത്തില്‍ റോബോട്ടിന്‍റെ ഭൂരിഭാഗം രംഗങ്ങളും അവതരിപ്പിച്ചത് നടനും കൊമേഡിയനുമായ സൂരജ് ആണെന്ന് കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്.

Latest Videos

സൂരജാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് വ്യക്തമായാല്‍ ചിത്രത്തില്‍ റോബോട്ടാണ് എന്ന ഒരു ഫീല്‍ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് അങ്ങനെ ചെയ്തതെന്നായിരുന്നു കഴിഞ്ഞ ദിവസം അണിയറക്കാര്‍ വ്യക്തമാക്കിയത്. വെറും 24 കിലോ ഭാരമുള്ള സൂരജ് അഞ്ച് കിലോയോളം വരുന്ന കോസ്റ്റ്യൂം അണിഞ്ഞാണ് അഭിനയിച്ചതെന്നും അത് ഏറെ ബുദ്ധിമുട്ടിയാണെന്നും അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.

സംഭവം പുറത്തുവന്നതോടെ നിരവധിയാളുകളാണ് സൂരജിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്. മുഖം കണ്ടില്ലെങ്കിലും സുപ്രധാന വേഷം ചെയ്ത സൂരജിന് അഭിനന്ദനവുമായി എത്തുകയാണ് ഗിന്നസ് പക്രു. ഈ ചിത്രത്തില്‍ നിന്‍റെ മുഖമില്ല, ശരീരം മാത്രം കുഞ്ഞപ്പനെന്ന റോബോട്ടിന് വേണ്ടി നീ എടുത്ത പ്രയത്നത്തിന് വലിയ കയ്യടി... പ്രിയ സൂരജിന് അഭിനന്ദനങ്ങള്‍. എന്നായിരുന്നു പക്രു ഫേസ്ബുക്കില്‍ കുറിച്ചത്.

ചിത്രത്തില്‍ സഹനടനായിരുന്ന സുരാജും സൗബിനും കുഞ്ഞപ്പന് ആശംസകളുമായെത്തി. സിനിമാ ലോകം ആശംസകളുമായി എത്തിയതിന് നന്ദി പറയാന്‍ സൂരജ് മറന്നില്ല. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍റെ എല്ലാ ടീം അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. അവസരം തന്ന സംവിധായകന്‍ രതീഷേട്ടനും നിര്‍മാതാവ് സന്തോഷേട്ടനും കട്ട സപ്പോര്‍ട്ട് തന്ന സൗബിനേട്ടന്‍, സൈജുവേട്ടന്‍, സൗബിക്ക.. ഒരുപാട് നന്ദി സൂരജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

vuukle one pixel image
click me!