സിന്ധു മനു വര്‍മ്മ സീരിയലില്‍ 'സുധ അപ്പച്ചി'യായി എത്തുന്നത്.
'വര്‍ഷങ്ങള്‍ പോയതറിയാതെ' എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ താരമാണ് സിന്ധു മനു വര്‍മ്മ (Sindhu manu varma). വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളിക്ക് ഏറെ പ്രിയങ്കരിയായി മാറിയ 'സുധ അപ്പച്ചി'യാണ് താരമിപ്പോള്‍. നീണ്ട വര്‍ഷങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിന്ധു ഉണ്ടായിരുന്നു. മേനകയുടെ (actress menaka) കുട്ടിക്കാലം അഭിനയിച്ചാണ് സിന്ധു അഭിനയത്തിലേക്കെത്തിയത്. പിന്നീടും പല സിനിമകളില്‍ അഭിനയിച്ചെങ്കിലും എല്ലാം സഹതാരത്തിന്റെ റോളിലായിരുന്നു. പരമ്പരകളും ഹ്രസ്വ ചിത്രങ്ങളുമായും പലതും സിന്ധുവിന്റെ അക്കൗണ്ടില്‍ ഉണ്ടെങ്കിലും താരത്തെ സാന്ത്വനത്തിലെ 'സുധ അപ്പച്ചി'യായി മലയാളികള്‍ അംഗീകരിച്ചുകഴിഞ്ഞു.
തന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവം പറഞ്ഞിരിക്കുകയാണ് സിന്ധു ഇപ്പോള്‍. വളരെ നാള്‍ സ്‌ക്രീനില്‍നിന്നും വിട്ടു നിന്നതും, തനിക്ക് ഓര്‍ക്കുമ്പോഴെല്ലാം സങ്കടം തോനുന്നതുമായ കാര്യം എന്നാണ് സിന്ധു പറയുന്നത്. മകന്‍ ഗിരിധര്‍ വര്‍മ്മ, മകള്‍ ശ്രീഗൗരി എന്നീ രണ്ട് മക്കളാണ് താരത്തിനുള്ളത്. മകള്‍ ജനിച്ചപ്പോള്‍ മുതല്‍ വീല്‍ ചെയറിലാണ്. പതിനാല് വയസ്സായെങ്കിലും മകള്‍ക്ക് സ്വന്തമായി നില്‍ക്കാനോ സംസാരിക്കാനോ മറ്റും കഴിയില്ല. തലച്ചോറിലെ ചില ന്യൂറോ പ്രശ്‌നങ്ങളാണ് കാരണം. തന്റെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമെല്ലാം അവളാണ് എന്ന് പറയുമ്പോഴും സിന്ധുവിന്റെ ശബ്‍ദം ഇടറുന്നുണ്ട്.
''മകള്‍ ജനിച്ചപ്പോള്‍ തലച്ചോറില്‍ ചെറിയ ഫ്‌ലുയിഡ് ശേകരം ഉണ്ടായിരുന്നു. രണ്ട് പ്രധാന ശസ്‍ത്രക്രിയകള്‍ നടത്തിയിട്ടുമുണ്ട്. മകള്‍ക്ക് അസുഖമാണെന്ന് അറിഞ്ഞതുമുതല്‍ എല്ലാവരും തകര്‍ന്നുപോയി, മകള്‍ ഇപ്പോളും കിടക്കയിലും വീല്‍ച്ചെയറിലും തന്നെയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കൊണ്ടുപോയി ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒരു ദിവസം ഏകദേശം 1500 രൂപ അവളുടെ ചികിത്സയ്ക്കായി വേണം. അത്ഭുതം സംഭവിക്കും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ് ഇപ്പോഴും പ്രതീക്ഷയേകുന്ന കാര്യം. ഒരു സമയത്ത് ആള്‍ക്കാരെ കാണുന്നതുപോലും പേടിയായിരുന്നു. അതില്‍നിന്നും ഒരുമാറ്റം വേണമെന്ന് പറഞ്ഞതും അതിനായി പലതും ചെയ്തതും മനുവേട്ടനായിരുന്നു. ഡിപ്രഷന്‍ മാറലായിരുന്നു പ്രധാനം.. അതോടൊപ്പം വരുമാനം എന്ന ചിന്തയും. ആ സാഹചര്യത്തിലാണ് വീണ്ടും സിനിമയിലേക്കെത്തുന്നത്. മകളെപ്പറ്റി പലരും പറയുന്നത് കേട്ട് സങ്കടം വന്നിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ഇതിനേയും കൊണ്ട് ഇങ്ങനെ നടക്കുന്നത് എന്നുപോലും പലരും മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. ശരിക്കും വിഷമമായ ദിവസങ്ങളാണത്.'' സിന്ധു പറയുന്നു.
'സാന്ത്വന'ത്തിലെ 'സുധ അപ്പച്ചി' പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പച്ചിയായി മറിക്കഴിഞ്ഞു. സിന്ധുവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷവും, അധികം ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന വേഷവും ഇനിയും വരാനിരിക്കുന്നെങ്കിലും, 'സുധ അപ്പച്ചി'യും ഒരു ടേണിംഗ് പോയിന്റ് തന്നെയാണ്.
Read More : 'ശിവന്റെ' മാസ് പെര്‍ഫോമന്‍സിനായി കാത്ത് 'സാന്ത്വനം' ആരാധകര്‍