നടൻ ശ്രേയസ് തൽപാഡെ ചിട്ടി ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ നിഷേധിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, കമ്പനിയുടെ പരിപാടികളിൽ പങ്കെടുത്തതല്ലാതെ മറ്റു ബന്ധങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: കോടികളുടെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധമുണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ശ്രേയസ് തൽപാഡെ. ചിട്ടി തട്ടിപ്പിമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹത്തിന്റെ ടീം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഏതെങ്കിലും തട്ടിപ്പിലോ ക്രിമിനല്‍ പ്രവര്‍ത്തനത്തിലോ ശ്രേയസിന് പങ്കാളിത്തം എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ "പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവും" എന്ന് പറഞ്ഞാണ് നിഷേധ കുറിപ്പ് വന്നിരിക്കുന്നത്.
"ഇന്നത്തെ ലോകത്ത്, ഒരു വ്യക്തിയുടെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച പ്രശസ്തി അടിസ്ഥാനരഹിതമായ കിംവദന്തികൾ മൂലം അനാവശ്യമായ കളങ്കപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ശ്രീ ശ്രേയസ് തൽപാഡെ വഞ്ചനയിലോ കുറ്റകൃത്യത്തിലോ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഒരു പൊതു വ്യക്തി എന്ന നിലയിൽ, മറ്റ് പല സെലിബ്രിറ്റികളെയും പോലെ ശ്രീ തൽപാഡെയെയും വിവിധ കോർപ്പറേറ്റ്, വാർഷിക പരിപാടികളില്‍ ക്ഷണിക്കപ്പെടുകയും പങ്കെടുക്കുകയും ചെയ്യാറുണ്ട്"
അത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിനപ്പുറം, ഇത്തരം കമ്പനിയുമായി നടന് യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവന വ്യക്തമാക്കി. "പറയപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമായ ഏതെങ്കിലും നിയമവിരുദ്ധ പ്രവൃത്തികളുമായി ശ്രേയസ് തൽപാഡെയ്ക്ക് യാതൊരു ബന്ധവുമില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമുമ്പ് എല്ലാവരോടും വസ്തുതകൾ പരിശോധിക്കാനും ഈ അടിസ്ഥാനരഹിതമായ കിംവദന്തികളിൽ നിന്ന് അദ്ദേഹത്തിന്‍റെ പേര് ഒഴിവാക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തന്റെ ജീവിതത്തില്‍ സത്യസന്ധത, പ്രൊഫഷണലിസം എന്നിവ എന്നും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധനായ ഒരു വ്യക്തിയാണ് ശ്രേയസ്" എന്നും പ്രസ്താവനയിൽ പറയുന്നു.
ശ്രേയസ് കേസില്‍ കുടുങ്ങിയതിനെ തുടർന്നാണ് നടന്റെ ടീം ഈ പ്രതികരണം പുറപ്പെടുവിച്ചത്, അദ്ദേഹത്തിനും മറ്റ് 14 പേർക്കുമെതിരെ ഉത്തർപ്രദേശിൽ പുതിയ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപിക്കുന്ന സ്ഥാപനം ഒരു ദശാബ്ദത്തിലേറെയായി യുപിയിലെ മഹോബ ജില്ലയിൽ പ്രവർത്തിക്കുന്നതാണെന്നാണ് വിവരം.
ലോണി അർബൻ മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് ആൻഡ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന കമ്പനി ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ഗ്രാമീണരെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുറഞ്ഞ കാലയളവിൽ നിക്ഷേപം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് കമ്പനിയുടെ ഏജന്റുമാർ ഗ്രാമീണരിൽ നിന്ന് 100 കോടിയോളം പിരിച്ചെടുത്തുവെന്നാണ് വിവരം. ഇതിന്‍റെ പരസ്യത്തിലും പരിപാടിയിലും ശ്രേയസ് പങ്കെടുത്തുവെന്നാണ് ആരോപണം.
'ഗോവർദ്ധ'നൊപ്പം സെൽഫിയുമായി ജിപിയും ഗോപിയും; എംപുരാന് ആശംസകൾ നേർന്ന് താരങ്ങളും
'ഊഹാപോഹങ്ങൾ ഒഴിവാക്കണം': വഞ്ചനാ കുറ്റത്തിന് കേസ് വന്നതിന് പിന്നാലെ വിശദീകരണവുമായി ഷാന്‍ റഹ്‍മാന്‍