'മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തര്‍': നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്തു

By Web Desk  |  First Published Dec 31, 2024, 12:50 PM IST

മൂന്ന് വർഷം മുമ്പ് മകൾ വിജെ ചിത്രയുടെ മരണത്തിന് ശേഷം, അവരുടെ പിതാവ് കാമരാജും ആത്മഹത്യ ചെയ്തു. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടു.


ചെന്നൈ: പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സീരിയലിലെ മുല്ലയായി അഭിനയിച്ച് ആരാധകരുടെ ഹൃദയം കവർന്ന തമിഴ് നടി വിജെ ചിത്ര 2020 ഡിസംബർ 9 നാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന ചെന്നൈയിലെ നസറത്ത് പേട്ടയിലെ ഒരു നക്ഷത്ര ഹോട്ടലിലാണ് നടി ആത്മഹത്യ ചെയ്തത നിലയില്‍ കാണപ്പെട്ടത്. ഇപ്പോഴിതാ ചിത്രയുടെ പിതാവ് കാമരാജും ആത്മഹത്യ ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 

ചിത്രയുടെ മരണത്തെതുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് ചിത്രയുടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അന്വേഷിക്കാന്‍ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് നസറത്ത്പേട്ട പോലീസ് പറഞ്ഞത് ചിത്രയുടെ ഭർത്താവ് ഹേംനാഥിന് ചിത്രയെ കുറിച്ച് സംശയമുണ്ടായിരുന്നെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്നുമായിരുന്നു.

Latest Videos

കൂടാതെ ചിത്രയുടെ സുഹൃത്തുക്കളിൽ പലരും ഹേംനാഥിനെതിരെ രംഗത്ത് എത്തിയിരുന്നു. മരണത്തിന് തലേദിവസം ചിത്രയ്‌ക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത നടി ശരണ്യ, സാധാരണ സന്തോഷവതിയായിരുന്ന ചിത്ര അസാധാരണമാംവിധം ഉത്കണ്ഠയോടെയാണ് അന്ന് കാണപ്പെട്ടത് എന്ന് പറഞ്ഞു.

കൂടാതെ ഹേംനാഥ് ചിത്രയെ ഒന്നിലധികം തവണ ശാരീരികമായി ഉപദ്രവിച്ചതായി ഹേംനാഥിന്‍റെ സുഹൃത്ത് രോഹിത് വെളിപ്പെടുത്തിയിരുന്നു. ഇത് കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു. ചിത്രയോട് മോശമായി പെരുമാറിയെന്ന ആരോപണം നിലനിൽക്കെ, ആത്മഹത്യയുമായി തനിക്ക് ബന്ധമില്ലെന്ന് കാണിച്ച് ഹേംനാഥ് ചെന്നൈ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യ ഹർജി നൽകിയിരുന്നു.

ഇയാളുടെ ജാമ്യാപേക്ഷ കോടതി പലതവണ തള്ളിയിരുന്നു. മകളുടെ മരണത്തിന് ഉത്തരവാദി ഹേംനാഥാണെന്ന് ആരോപിച്ച ചിത്രയുടെ മാതാപിതാക്കൾ അയാൾക്ക് ശിക്ഷ ഉറപ്പാക്കാൻ കോടതിയിൽ നിരന്തരം പോരാടി. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴോളം പേർക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ആത്മഹത്യപ്രേരണ ആരോപിച്ച് കേസില്‍ കുറ്റപത്രം നല്‍കിയത്.

തുടര്‍ന്ന് മൂന്ന് വർഷമായി ചെന്നെയിലെ പ്രത്യേക വനിത കോടതിയിൽ നടന്ന വിചാരണ അടുത്തിടെയാണ് അവസാനിച്ചത്. ചിത്രയെ കൊലപ്പെടുത്തിയതിന് തെളിവുകളോ തെളിവുകളോ പ്രേരണകളോ ഇല്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി രേവതി വിധിയില്‍ വ്യക്തമാക്കിയത്. തൽഫലമായി, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹേംനാഥ് ഉൾപ്പെടെ ഏഴ് പേരെയും വെറുതെവിട്ടു.

ആഗസ്റ്റ് മാസത്തിലാണ് ഹേംനാഥിനെയും മറ്റുള്ളവരെയും പെട്ടെന്ന് കുറ്റവിമുക്തരാക്കിയത്. മകൾക്ക് നീതിക്കായി പോരാടുന്ന ചിത്രയുടെ പിതാവിന് കാര്യമായ വിഷമമുണ്ടാക്കിയിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. 

ചിത്രയുടെ പിതാവായ കാമരാജ്, ഒരു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്.  ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന ദു:ഖത്തിലായിരുന്നു ഇദ്ദേഹം കുറച്ചു മാസങ്ങളായി ഉണ്ടായിരുന്നത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് കാമരാജിനെ കടുത്ത വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

പോലീസ് കാമരാജിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് വീട്ടുകാര്‍ക്ക് കൈമാറി.  അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിളിച്ച് അന്വേഷണവും പൊലീസ് തുടരുന്നുണ്ട്. കാമരാജിന്‍റെ മരണം ചിത്ര കേസ് വീണ്ടും വാര്‍ത്തകളിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

'സൂരിയുടെ ഹോട്ടല്‍ പൂട്ടിക്കണം': കളക്ടര്‍ക്ക് പരാതി, ഭക്ഷണം വയ്പ്പ് സെപ്റ്റിക് ടാങ്കിന് അടുത്ത്

വിവാഹ തീയതി കുറിച്ചു, കല്ല്യാണ കത്ത് അടിച്ചു; പക്ഷെ സല്‍മാന്‍ ഖാനുംനടിയും തമ്മില്‍ പിരിഞ്ഞു,വെളിപ്പെടുത്തല്‍!

click me!