Santhwanam : ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ? റിവ്യു

By Web Team  |  First Published Nov 27, 2021, 6:34 PM IST

വീട്ടിലേക്കുപോയ അപർണയും ഹരിയും തിരികെ സാന്ത്വനം വീട്ടിലേക്ക് എത്തില്ലേ എന്നതാണ് പരമ്പരയിലെ പ്രധാന ചോദ്യം. 


നോഹരങ്ങളായ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് സാന്ത്വനം (Santhwanam Serial). എല്ലാ പ്രായക്കാരെയും സ്‌ക്രീനിനുമുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പര റേറ്റിംങ്ങിലും മുന്നിലാണ്. മികച്ച കഥാമുഹൂര്‍ത്തങ്ങള്‍ പറഞ്ഞുപോകുന്ന പരമ്പര കുറച്ചുനാളുകളായി സംഘര്‍ഷഭരിതമായാണ് മുന്നോട്ട് പോകുന്നത്. അഞ്ജലിയുടെ അച്ഛനായ ശങ്കരന്റെ വീട് നഷ്ടമായ പ്രശ്‌നത്തിലാണ് സാന്ത്വനം സംഘര്‍ഷമാകാന്‍ തുടങ്ങിയതെങ്കില്‍, ഹരിയുടേയും അപ്പുവിന്റേയും പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പരമ്പരയെ ആകാംക്ഷയുടെ മുള്‍മുനയിലേറ്റുന്നത്. പിണങ്ങി നിന്നവര്‍ അടുത്തത് സാന്ത്വനം വീടിനെ സങ്കടങ്ങളുടെ കയത്തിലേക്ക് തള്ളിയിറക്കാനാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.

സാന്ത്വനം വീട്ടിലെ ഹരികൃഷ്ണന്‍ നാട്ടുപ്രമാണിയായ തമ്പിയുടെ മകളെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അതുകാരണം തമ്പിയുടെ കുടുംബം സാന്ത്വനം വീടുമായി അകല്‍ച്ചയിലായി. എന്നാല്‍ തമ്പിയുടെ മകള്‍ അപ്പു എന്ന് വിളിക്കുന്ന അപര്‍ണ്ണ ഗര്‍ഭിണിയായതോടെ സംഗതികള്‍ ആകെ മാറിമറിഞ്ഞു. പിണക്കത്തിലായിരുന്ന തമ്പി ചില നിബന്ധനകളെല്ലാം വച്ച് മകളേയും മരുമകളേയും അംഗീകരിക്കുകയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നു. ഹരിയോട് തമ്പി ദേഷ്യത്തിലായിരിക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ മകളോടും മരുമകനോടും സ്‌നേഹത്തോടെയാണ് തമ്പി പെരുമാറുന്നത്. ആ രംഗങ്ങളെല്ലാംകണ്ട് പ്രേക്ഷകര്‍ തമ്പിയോട് ചെറിയ അനുകമ്പയെല്ലാം കാണിക്കാന്‍ തുടങ്ങിയതുമായിരുന്നു. എന്നാല്‍ പതിയെ തമ്പി തന്റെ തനിനിറം പുറത്ത് കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Latest Videos

ഏടത്തി ഫോണ്‍ വിളിച്ചപ്പോള്‍ അപര്‍ണ എടുക്കാത്തത് ഹരിയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. അപര്‍ണയുടെ കാര്യത്തില്‍ അത്രമാത്രം ശ്രദ്ധയുള്ളതുകൊണ്ടല്ലേ ഏട്ടത്തി വിളിച്ചതെന്നും, ഫോണ്‍ എടുക്കാതിരുന്നത് ശരിയായില്ല എന്നുമാണ് അപര്‍ണയോട് ഹരി പറയുന്നത്. കൂടാതെ ഹരിയേയും അപര്‍ണ്ണയേയും വീട്ടില്‍ നിര്‍ത്താനായി തമ്പി പലപല കാരണങ്ങള്‍ കണ്ടെത്തുകയാണ്. കുടുംബക്ഷേത്രത്തിലെ പൂജയും കാര്യങ്ങളും കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നാണ് ഇപ്പോള്‍ തമ്പി മകളോടും മരുമകനോടും പറഞ്ഞത്. എന്നാല്‍ ശിവനുമായി പ്രശ്‌നമുണ്ടായപ്പോള്‍ പറഞ്ഞതുപോലെ ഹരിയേയും അപര്‍ണ്ണയേയും വീട്ടില്‍നിന്നും അകറ്റാനാണോ തമ്പി ശ്രമിക്കുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ഹരിയും അപര്‍ണയും വന്നിട്ട് അഞ്ജലിയുടെ വീട്ടിലേക്ക് പോകാമെന്നാണ് ശിവന്‍ അഞ്ജലിയോട് പറഞ്ഞിട്ടുള്ളത്. ഹരിയും അപര്‍ണയും എപ്പോള്‍ വരുമെന്നും, എപ്പോഴായിരിക്കും ഇരുവരും അഞ്ജലിയുടെ വീട്ടിലേക്ക് പോകുക എന്നതുമാണ് പ്രേക്ഷകരുടെ പുതിയ ആകാംഷ. ഇരുവരും വീട്ടിലേക്ക് ബൈക്കില്‍ പോകുന്ന സീന്‍ ആണോ കഴിഞ്ഞദിവസം പ്രൊമോ ആയിവന്നത് എന്നാണ് മിക്ക ആരാധകരുടേയും സംശയം. അതുകൊണ്ടുതന്നെ ഹരിയും അപര്‍ണയും സാന്ത്വനം വീട്ടിലേക്ക് മടങ്ങിയെത്താന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നതും പ്രേക്ഷകര്‍ തന്നെയാണ്.

click me!