റേറ്റിംഗില്‍ മുന്നിലാണ് ഈ പരമ്പര
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് സാജൻ സൂര്യ. നാടക വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ സാജൻ സൂര്യ കഴിഞ്ഞ ഇരുപത് വർഷത്തോളമായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ്. സ്ത്രീ എന്ന പരമ്പരയിലെ ഗോപന്‍ മുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ മിനിസ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട് സാജൻ. ഇതുവരെ നൂറോളം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും സാജൻ എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് സാജൻ പങ്കുവെക്കുന്നത്. ഏഷ്യാനെറ്റിലെ ഗീത ഗോവിന്ദം സീരിയലിന്റെ പ്രൊമോ വീഡിയോകളെല്ലാം നേരത്തെ തന്നെ വൈറലായിരുന്നു. സംപ്രേഷണം ആരംഭിച്ചത് മുതൽ മികച്ച അഭിപ്രായമാണ് സീരിയൽ നേടിയെടുത്തത്. അറക്കൽ വീട്ടിലെ ഗോവിന്ദ് ആയാണ് സാജൻ സീരിയലിൽ എത്തുന്നത്. നായിക ഗീതാഞ്ജലി ആയെത്തുന്നത് ബിന്നി സെബാസ്റ്റ്യൻ ആണ്. ഗോവിന്ദിന്റെ സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങൾക്കൊപ്പം അറക്കൽ കുടുംബത്തിലെ അംഗങ്ങൾക്കൊപ്പമുള്ള ചിത്രവും ലൊക്കേഷനിൽ നിന്ന് സാജൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ദൂരദർശനിൽ ചെറുപ്പം മുതലേ കണ്ടു തുടങ്ങിയ നടന്റെ മുഖത്തിന് ഇന്നും ഒരു മാറ്റാവുമില്ലെന്നാണ് ആരാധക പക്ഷം.
കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്‍ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാ ഗോവിന്ദം. ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് ഈ പരമ്പരയില്‍ കാണുവാൻ കഴിയും. സാജൻ സൂര്യ, സന്തോഷ് കിഴാറ്റൂർ, സന്തോഷ് കുറുപ്പ്, ബിന്നി, രേവതി, ശ്വേത, അമൃത, ഉമാ നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടനെന്നതിന് ഉപരി ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ് സാജൻ. രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റിൽ ക്ലാർക്കായ സാജൻ ജോലിക്കൊപ്പമാണ് അഭിനയവും കൊണ്ടു പോകുന്നത്.