ചക്കപ്പഴം സീരിയലിൽ മുത്തശ്ശി കഥാപാത്രം ചെയ്തിരുന്ന മുതിർന്ന നടി
ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് ചക്കപ്പഴം. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പരമ്പര അവസാനിച്ചത്. ചക്കപ്പഴത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച അഭിനേത്രിയാണ് സബീറ്റ ജോർജ്. ഈ പരമ്പരയിലൂടെയാണ് സബീറ്റ അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം ചില സിനിമകളിലും വേഷമിട്ടു.
കഴിഞ്ഞ ദിവസം സബീറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചക്കപ്പഴം സീരിയലിൽ മുത്തശ്ശി കഥാപാത്രം ചെയ്തിരുന്ന മുതിർന്ന നടി ഇന്ദിര ദേവിയെ സന്ദർശിച്ചതിന്റെ വീഡിയോയാണ് സബീറ്റ പങ്കുവെച്ചത്. സബീറ്റയുടെ അമ്മായിയമ്മയുടെ കഥാപാത്രമായിരുന്നു ചക്കപ്പഴത്തിൽ ഇന്ദിരാ ദേവിക്ക്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രോഗം മൂലം വിശ്രമത്തിലാണ് ഇന്ദിരാ ദേവി. സബീറ്റ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി പേരാണ് ഇരുവരെയും വീണ്ടും ഒന്നിച്ചു കാണാനായതിന്റെ സന്തോഷം അറിയിച്ചത്.
''ഈ വർഷം ജനിച്ച ദിവസം എന്റെ ഓൺസ്ക്രീൻ അമ്മയുടെ കൂടെ ചിലവഴിച്ചോട്ടെ എന്ന് പെറ്റമ്മയോടു ചോദിച്ചപ്പോൾ നോ പ്രോബ്ലം എന്നമ്മ. പിന്നെ ഒന്നും നോക്കിയില്ല. ചക്കപ്പഴത്തിലെ എന്റെ ഈ അമ്മായിയമ്മയെ ആരും മറന്നിട്ടുണ്ടാവില്ല. രണ്ടര വർഷം കൊണ്ടുണ്ടായ ഞങ്ങളുടെ ബന്ധം അത്ര ഗാഢമായിരുന്നു. ഇന്നും അതിനൊരു മാറ്റവുമില്ല. അമ്മയെ ഇത്രയും ക്ഷീണിതയായി കണ്ടപ്പോൾ നെഞ്ചൊന്നുലഞ്ഞു. പിന്നെ ഒരുമിച്ചുണ്ടാക്കിയ പഴയ ഓർമകളിലേക്ക് ഒരെത്തിനോട്ടം. യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ കാണാതെ കണ്ണീരൊപ്പാൻ പാടുപെട്ടു. വീണ്ടും വരാം എന്ന് പറഞ്ഞു തിരിഞ്ഞു നോക്കാതെ പടിയിറങ്ങിയപ്പോൾ നെഞ്ചിൽ ഒരു മരവിപ്പായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി അമ്മയ്ക്ക് സുഖമില്ല. സ്ക്രീനിൽ കാണുന്ന കെമിസ്ട്രിക്കും അപ്പുറമുള്ള സ്നേഹബന്ധമാണ് ഞങ്ങൾ തമ്മിൽ. ഐ ലവ് യു അമ്മ, ഫോർ എവർ'', സബീറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സന്തോഷം, പ്രണയവിലാസം, ഐ ആം കാതലൻ തുടങ്ങിയ സിനിമകളിലും അടുത്തിടെ സബീറ്റ അഭിനയിച്ചിരുന്നു. സിംഗിൽ മദറായ സബീറ്റയ്ക്ക് രണ്ട് മക്കളാണുള്ളത്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മകനെ 2017 ലാണ് സബീറ്റക്ക് നഷ്ടപ്പെട്ടത്.
ALSO READ : സംഗീതം അലോഷ്യ പീറ്റര്‍; 'സ്പ്രിംഗി'ലെ ആദ്യ ഗാനം എത്തി