ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ രശ്മി രണ്ടുകൊല്ലം മുന്നേയുള്ള ഗെറ്റ് ടുഗതര്‍ ചിത്രങ്ങളാണ് പങ്കുവച്ചത്.
മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം അവിടേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി നിലവില്‍ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മി അതിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ രശ്മി രണ്ടുകൊല്ലം മുന്നേയുള്ള ഗെറ്റ് ടുഗതര്‍ ചിത്രങ്ങളാണ് പങ്കുവച്ചത്. കോളേജ്കാലത്ത് ആണ്‍കുട്ടികള്‍ വിട്ടുകൊടുക്കാത്ത ഇരിപ്പിടങ്ങളിലിരുന്ന സന്തോഷവും, വീണ്ടും കോളേജിലേക്ക് ചെന്നതിന്റെ സന്തോഷവുമെല്ലാം രണ്ടുകൊല്ലത്തിനിപ്പുറവും രശ്മിയുടെ വാക്കുകളിലുണ്ട്. 'രണ്ട് വര്‍ഷം മുന്നേയുള്ള ചിത്രങ്ങളാണ്. കോളേജിലെ വീണ്ടുമുള്ള കൂടിചേരലില്‍, ഞങ്ങള്‍ കോളേജിലെ അരമതിലില്‍ ഇരുന്നപ്പോള്‍. ഈ അരമതിലിനൊരു കഥയുണ്ട്.. കോളേജില്‍ പഠിച്ചിരുന്നകാലത്ത് ഒരിക്കല്‍പോലും അവിടെ കയറി ഇരുന്നിട്ടില്ല. അവിടെ ആണ്‍പടയുടെ ഏരിയ ആയിരുന്നു. എന്നാല്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍ പെണ്‍പട അവിടെയിരുന്ന് ആശ തീര്‍ത്തു.. കോളേജേ ഒരു വികാരമാണ്' എന്ന കുറിപ്പോടെയാണ് രശ്മി ചിത്രങ്ങള്‍ പങ്കുവച്ചത്.
അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്മി. തിരിച്ചുവരവിലും രശ്മിയോട് പ്രേക്ഷകര്‍ പഴയ അടുപ്പം കാട്ടുന്നുവെന്നാണ് പരമ്പരകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത്. കാര്‍ത്തികദീപം എന്ന പരമ്പരയില്‍ ദേവനന്ദ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് രശ്മി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona