ഗെയിം ചേഞ്ചര്‍: കുത്തബ് മിനാറിനെക്കാള്‍ ഉയരത്തിലുള്ള രാം ചരണ്‍ കട്ടൗട്ട് വച്ച് ആരാധകര്‍!

By Vipin Panappuzha  |  First Published Dec 30, 2024, 4:20 PM IST

ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്റെ ഭാഗമായി രാം ചരണിന്റെ 256 അടി ഉയരമുള്ള കട്ടൗട്ട് വിജയവാഡയില്‍ അനാച്ഛാദനം ചെയ്തു. 


വിജയവാഡ: ഏറെ പ്രതീക്ഷയോടെ തെലുങ്ക് സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. ജനുവരിയില്‍ സംക്രാന്തിക്ക് എത്തുന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി നടൻ രാം ചരണിന്‍റെ 256 അടി ഉയരമുള്ള കട്ടൗട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ അനാച്ഛാദനം ചെയ്തു. കുത്തബ് മിനാറിനെക്കാള്‍ ഉയരത്തിലുള്ള കട്ടൗട്ട് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 

ഒരു ചലച്ചിത്രതാരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട  ഏറ്റവും വലിയ കട്ടൗട്ടാണ് ഇതെന്നാണ് രാം ചരണ്‍ ഫാന്‍സ് അവകാശപ്പെടുന്നത്. രാം ചരൺ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന പാൻ-ഇന്ത്യൻ ചിത്രമായ ഗെയിം ചേഞ്ചറിന് ഏറെ പ്രതീക്ഷയോടെയാണ് തെലുങ്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കൂറ്റൻ കട്ടൗട്ട് സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു. 

Latest Videos

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021 ഫെബ്രുവരി മാസത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ നിര്‍ത്തിവച്ചിരുന്ന ഇന്ത്യന്‍ 2 വീണ്ടും എത്തിയതോടെ ചിത്രം നീണ്ടുപോവുകയായിരുന്നു. 2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗെയിം ചേഞ്ചര്‍ സിനിമയ്ക്കുണ്ട്.

India's Biggest Cutout Ever – 256 feet, by fans 🔥💥🫶❤️ ⭐ pic.twitter.com/YAZxmextb4

— SKN (Sreenivasa Kumar) (@SKNonline)

നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. ഈ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. 

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷനിലാണ് താരങ്ങള്‍. അടുത്തിടെ ഹൈദരാബാദില്‍ പുഷ്പ 2 സംവിധായകന്‍ സുകുമാര്‍ അടക്കം പങ്കെടുത്ത് വലിയ പ്രമോഷന്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ നടത്തിയിരുന്നു.

'രാം ചരണിന് ദേശീയ അവാര്‍ഡ് ഉറപ്പ്'; 'ഗെയിം ചേഞ്ചര്‍' ആദ്യ റിവ്യൂവുമായി 'പുഷ്‍പ 2' സംവിധായകന്‍

ചടുലമായ നൃത്തച്ചുവടുകളുമായി രാം ചരൺ, ഒപ്പം കിയാരയും; എസ്. ഷങ്കർ ചിത്രം ​ഗെയിം ചേഞ്ചര്‍ ​ഗാനമെത്തി

click me!