"ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു": തിരക്കഥാകൃത്ത് ഷാജികുമാറിന്‍റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

By Web Team  |  First Published May 23, 2023, 3:30 PM IST

മുസ്ലീം ആണോ എന്ന് ചോദിച്ച്, മുസ്ലീംങ്ങള്‍ക്ക് വീടുകൊടുക്കില്ലെന്ന് ഓണര്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞതാണ് ഷാജി പങ്കുവയ്ക്കുന്നത്.


കൊച്ചി: കഥാകൃത്തും സിനിമ തിരക്കഥാകൃത്തുമായി പിവി ഷാജികുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയ അനുഭവമാണ് ഷാജി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. 

മുസ്ലീം ആണോ എന്ന് ചോദിച്ച്, മുസ്ലീംങ്ങള്‍ക്ക് വീടുകൊടുക്കില്ലെന്ന് ഓണര്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞതാണ് ഷാജി പങ്കുവയ്ക്കുന്നത്. വീട് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങിയെന്നും, ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നുവെന്നും ഷാജി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

Latest Videos

പിവി ഷാജികുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി. 
ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
“പേരേന്താ..?”
“ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
“മുസ്ലീമാണോ..?”
ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.
“ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..”
“ഓ... ഓണർ എന്ത് ചെയ്യുന്നു..”
“ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..”
“ബെസ്റ്റ്..”
ഞാൻ സ്വയം പറഞ്ഞു.
ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്. 
ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ.. 
മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്...
“എനിക്ക് വീട് വേണ്ട ചേട്ടാ...”
ഞാൻ ഇറങ്ങുന്നു. 
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
"ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു..."

നിരവധിപ്പേര്‍ ഷാജിയെ പിന്തുണച്ച് ഇത്തരം അനുഭവം പോസ്റ്റിന് താഴെ വിവരിക്കുന്നുണ്ട്. വലിയ നഗരങ്ങളില്‍ അനുഭവപ്പെട്ട കാര്യങ്ങള്‍ പലരും പറയുന്നിുണ്ട്. ഇത്തരം അവസ്ഥയില്‍ പലരും പോസ്റ്റിന് അടിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നതും കാണാം. 

"എന്ത് വൃത്തികെട്ട സിസ്റ്റം ആണ് ഇത്": രൂക്ഷമായി പ്രതികരിച്ച് അനൂപ് കൃഷ്ണന്‍

മകനെ കടല്‍ കാണിക്കാനെത്തിയ ചന്ദ്രയും ടോഷും: വീഡിയോ

click me!