സിനിമയില്‍ വന്ന് 22 കൊല്ലമായി; ഇപ്പോഴാണ് തുല്യ വേതനം കിട്ടിയത്: തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

By Web Team  |  First Published Mar 11, 2023, 8:34 PM IST

വെള്ളിയാഴ്ച സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലിൽ ആമസോൺ സ്റ്റുഡിയോസ് മേധാവി ജെന്നിഫർ സാൽകെയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രിയങ്ക ചോപ്ര തന്‍റെ പ്രതിഫലം സംബന്ധിച്ച കാര്യം തുറന്നുപറഞ്ഞത്.


ഹോളിവുഡ്: അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ​ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിർമാതാക്കളാകുന്ന ആമസോണ്‍‌ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലിന്‍റെ ട്രെയ്‍ലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന സീരീസിൽ ​ഗെയിം ഓഫ് ത്രോൺസിലെ റോബ് സ്റ്റാർക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാൽഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നു. 

6 എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകൾ പ്രൈം വീഡിയോയിൽ ഏപ്രിൽ 28 ന് പ്രീമിയർ ആരംഭിക്കും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു.  ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സിറ്റഡൽ ലഭ്യമാകും. എന്നാല്‍ ഇപ്പോള്‍ ഈ സീരിസിലെ അഭിനയത്തിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ അഭിപ്രായമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

Latest Videos

വെള്ളിയാഴ്ച സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലിൽ ആമസോൺ സ്റ്റുഡിയോസ് മേധാവി ജെന്നിഫർ സാൽകെയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രിയങ്ക ചോപ്ര തന്‍റെ പ്രതിഫലം സംബന്ധിച്ച കാര്യം തുറന്നുപറഞ്ഞത്.സിറ്റഡൽ സീരിസിലാണ് തന്‍റെ 22 വര്‍ഷത്തെ കരിയറില്‍ ആദ്യമായി നായക നടനൊപ്പം തുല്യ വേതനം ലഭിക്കുന്നത് എന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. 

ഇത് പറയുന്നത് കൊണ്ട് ഞാൻ കുഴപ്പത്തിലായേക്കാം, എങ്കിലും ഇത് പറയണം. ഞാൻ ഇപ്പോൾ 22 വർഷമായി വിനോദ വ്യവസായ രംഗത്തുണ്ട്. ഏകദേശം 70-ലധികം സിനിമകളിലും രണ്ട് ടിവി ഷോകളും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഞാൻ സിറ്റാഡൽ ചെയ്തപ്പോൾ, എന്റെ കരിയറിൽ ആദ്യമായാണ് എനിക്ക് തുല്യവേതനം ലഭിക്കുന്നത് പ്രിയങ്ക ചോപ്ര പറഞ്ഞു. ആമസോണ്‍ സ്റ്റുഡിയോ ഇത് നിങ്ങള്‍ അര്‍ഹിക്കുന്നു എന്ന് പറഞ്ഞാണ് പ്രതിഫലം നല്‍കിയത്. എന്നാല്‍ ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയ സംഭഷണങ്ങള്‍ ലളിതമല്ലെന്നും പ്രിയങ്ക പറഞ്ഞു.

ആമസോണ്‍ സ്റ്റുഡിയോ തലപ്പത്ത് ഒരു സ്ത്രീ അയതിനാലാണോ ഇത് സംഭവിച്ചതെന്നും, സ്ത്രീ അല്ലെങ്കില്‍ ഇത്തരത്തില്‍ നടക്കുമോ എന്നും പ്രിയങ്ക ഈ സംഭാഷണത്തിനിടെ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ തന്‍റെ സ്ഥാനത്ത് ആരാണെങ്കിലും ഇത് സംഭവിക്കും എന്നാണ് ആമസോൺ സ്റ്റുഡിയോസ് മേധാവി ജെന്നിഫർ സാൽകെ പ്രതികരിച്ചത്. തന്‍റെ നേതൃത്വത്തില്‍ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന വലിയൊരു സംഘം ഉണ്ടെന്നും ഇവര്‍ പ്രിയങ്കയോട് പറഞ്ഞു. 

പ്രിയങ്ക ചോപ്ര നായിക, ആമസോണ്‍ പ്രൈമിന്‍റെ ത്രില്ലര്‍ വെബ് സിരീസ് 'സിറ്റഡല്‍' ട്രെയ്‍‌ലര്‍

ഇക്കുറി ഓസ്‍കറിന് അവതാരകയാകാൻ ബോളിവുഡ് താരം ദീപിക പദുക്കോണും

click me!