മകന്‍റെ സെറ്റില്‍ അമ്മ വന്ന അപൂര്‍വ്വ നിമിഷം; മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മ്മച്ചിത്രം

By Web Team  |  First Published May 21, 2023, 5:07 PM IST

 "തൂവാനത്തുമ്പികളിലെ 'മൂലക്കുരുവിന്‍റെ അസ്ക്യത' എടുക്കുന്ന സമയം. അമ്മ വന്നതിന്‍റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ  തോന്നിയിട്ടുണ്ട്"


എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയ നിരവധി മോഹന്‍ലാല്‍ സിനിമകള്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി നേടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പി പത്മരാജന്‍റെ രചനയിലും സംവിധാനത്തിലും 1987 ല്‍ പുറത്തെത്തിയ തൂവാനത്തുമ്പികള്‍. ഇപ്പോഴിതാ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തൂവാനത്തുമ്പികള്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുകയാണ് പത്മരാജന്‍റെ മകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അനന്തപത്മനാഭന്‍. ലൊക്കേഷനില്‍ മോഹന്‍ലാലിനെ കാണാനെത്തിയ അമ്മ ശാന്തകുമാരിയും ഈ ചിത്രത്തിലുണ്ട്.

ഓര്‍മ്മ പങ്കുവച്ച് അനന്തപത്മനാഭന്‍

Latest Videos

അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം.
 #Keralavarmacollege, Thrissur.
1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു, എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി, നല്ല കൂട്ടുകാരികളും.

അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ. ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. "തൂവാനത്തുമ്പി"കളിലെ "മൂലക്കുരുവിന്റെ അസ്ക്യത" എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ  തോന്നിയിട്ടുണ്ട്. ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ. "ലാലുവിന്റെ കല്യാണ ആലോചനകൾ" തന്നെ വിഷയം. ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴിമദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്. "തൂവാനത്തുമ്പികൾ" കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു. ചിത്രത്തിൽ ലാലേട്ടനും ശാന്ത ആന്റിക്കും രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും.
പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്,
ദീർഘായുസ്സ്.

ALSO READ : 'ഈ സന്തോഷത്തില്‍ അച്ഛനും വേണമായിരുന്നു'; എസ്എസ്എല്‍സി ഫലം പങ്കുവച്ച് ഗൗരി പ്രകാശ്

click me!