സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ വലിയതോതില്‍ ജയസൂര്യയുടെ വീഡിയോ പ്രചരിപ്പിക്കുമ്പോള്‍ അതിന് മറുപടിയായ ഇടത് അനുകൂലികള്‍ പി രാജീവിന്‍റെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
കളമശ്ശേരി: വ്യവസായ മന്ത്രി പി രാജീവിന്‍റെ മണ്ഡലമായ കളമശ്ശേരിയില്‍ കാര്‍ഷികോത്സവത്തില്‍ പങ്കെടുക്കവെ നടന്‍ ജയസൂര്യ കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച് നടത്തിയ പ്രസംഗം വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി പി രാജീവ്, കൃഷി മന്ത്രി പി പ്രസാദ് എന്നിവരെ സാക്ഷിയാക്കി ജയസൂര്യ വിമര്‍ശനം നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ സംഭരിച്ച നെല്ലിന് പണം കൊടുക്കാത്തത് അടക്കം ജയസൂര്യ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മന്ത്രി പി രാജീവ് അതേ വേദിയില്‍ മറുപടി നല്‍കിയിരുന്നു.
സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ വലിയതോതില്‍ ജയസൂര്യയുടെ വീഡിയോ പ്രചരിപ്പിക്കുമ്പോള്‍ അതിന് മറുപടിയായ ഇടത് അനുകൂലികള്‍ പി രാജീവിന്‍റെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ പ്രധാനമായും വിമര്‍ശിച്ചത്.
നെല്ല് സംഭരണത്തിന് അപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കാത്തത് വിമര്‍ശനം ഉയരേണ്ട കാര്യം തന്നെയാണ് എന്ന് സമ്മതിച്ച മന്ത്രി. സപ്ലെയ്ക്കോ എടുക്കുന്ന നെല്ല് റേഷന്‍ സംവിധാനത്തിലേക്കാണ് പോകുന്നത്. അതില്‍ കേന്ദ്രവും പണം നല്‍കേണ്ടതാണ് അത് വൈകുന്നതാണ് കര്‍ഷകരുടെ പണം വിതരണത്തെ തടയുന്നത് എന്നും. ഇത് പരിഹരിക്കാന്‍ കടം എടുത്ത് സര്‍ക്കാര്‍ 2000 കോടിയോളം നല്‍കിയിട്ടുണ്ട്. എന്നാല്‍ കടം എടുപ്പിലെ പ്രശ്നം ഇത്തവണ ബാധിച്ചു.
ഇത് പരിഹരിക്കാനും, കര്‍ഷകര്‍ക്ക് നെല്ല് സംഭരിക്കുമ്പോള്‍ തന്നെ പണം നല്‍കാനും സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.അത് പരിശോധിക്കാന്‍ മന്ത്രി തല സമിതി ഉണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യ മറ്റൊരു പ്രധാന പ്രശ്നവും ഉന്നയിച്ചിരുന്നു. ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാൻ കേരളത്തിലുള്ളവർക്കും അവകാശമുണ്ടെന്നും നടൻ പറഞ്ഞു.അരി, പച്ചക്കറികളുടെ ക്വാളിറ്റി പരിശോധന ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നാണ് ജയസൂര്യ പറഞ്ഞത്.
അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വെളിച്ചെണ്ണയുടെ കാര്യത്തില്‍ ഇത് നടപ്പിലാക്കി. ഇത് കൂടുതല്‍ സാധനങ്ങളിലേക്ക് വ്യാപിപ്പിക്കും. മന്ത്രിയുടെ മറുപടി കേള്‍ക്കാന്‍ ജയസൂര്യയും വേദിയില്‍ ഉണ്ടായിരുന്നു. എന്തായാലും ജയസൂര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാകുന്നുണ്ട്. ജയസൂര്യയെ അനുകൂലിച്ച് നിരവധിപ്പേരാണ് പോസ്റ്റുകള്‍ ഇടുന്നത്.