വെളിച്ചത്തിന്‍റെയും നിഴലിന്‍റെയും മനോഹര സങ്കലനം അനുഭവിപ്പിക്കുന്ന മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്
ഫോട്ടോഗ്രഫിയോട് മമ്മൂട്ടിക്കുള്ള താല്‍പര്യം സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കുമൊക്കെ അറിയാവുന്ന കാര്യമാണ്. ലേറ്റസ്റ്റ് മോഡല്‍ ക്യാമറകള്‍ ഇറങ്ങുമ്പോള്‍ തന്നില്‍ താല്‍പര്യം തോന്നിപ്പിക്കുന്നവയെങ്കില്‍ സ്വന്തമാക്കാറുള്ള അദ്ദേഹം സ്വയം പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അത്തരം ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത തന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് ഒരു താരം തന്നെയാണ്.
മഞ്ജു വാര്യര്‍ ആണ് മമ്മൂട്ടി എടുത്ത തന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വെളിച്ചത്തിന്‍റെയും നിഴലിന്‍റെയും മനോഹരമായ സങ്കലനം അനുഭവിപ്പിക്കുന്ന മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്. "മലയാള സിനിമയിലെ പ്രഗത്ഭ ഫോട്ടോഗ്രാഫറായ മമ്മൂക്ക അല്ലാതെ മറ്റാരുമല്ല ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്! ഇതൊരു നിധിയാണ്! നന്ദി മമ്മൂക്ക!", ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
'ദി പ്രീസ്റ്റ്' ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളെന്ന് സൂചന നല്‍കി സിനിമയുടെ പേര് ഹാഷ്‍ടാഗ് ആയി നല്‍കിയിട്ടുമുണ്ട് മഞ്ജു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്നതായിരുന്നു 'ദി പ്രീസ്റ്റ്' കാണികള്‍ക്കു നല്‍കിയ കൗതുകം. ഫാ. കാര്‍മെന്‍ ബെനഡിക്റ്റ് എന്ന പാരാസൈക്കോളജിസ്റ്റ് ആയ വികാരിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. സൂസന്‍ എന്നാണ് മഞ്ജു വാര്യര്‍ കഥാപാത്രത്തിന്‍റെ പേര്. രണ്‍ജീത് കമല ശങ്കറിന്‍റെ ചതുര്‍മുഖം, പ്രിയദര്‍ശന്‍റെ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍, സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം, മധു വാര്യരുടെ ലളിതം സുന്ദരം തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി പുറത്തുവരാനിരിക്കുന്നത്.