രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍
കഴിഞ്ഞ മാസമാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ലൈസന്‍സ് ലഭിച്ച വേളയില്‍ മഞ്ജു പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് അവര്‍. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.
അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ഒപ്പം പോയ ലഡാക്ക് ട്രിപ്പില്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജു വാങ്ങിയിരിക്കുന്നത്. രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍. ലൈസന്‍സ് ലഭിക്കുംമുന്‍പേ ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും ലൈസൻസ് കയ്യിൽക്കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കൂ എന്ന തീരുമാനത്തിലായിരുന്നു മഞ്ജു.
60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അജിത്തിന്‍റെ നായികയായി എത്തിയ തമിഴ് ചിത്രം തുനിവ് ആയിരുന്നു മഞ്ജു വാര്യരുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. ആക്ഷന്‍ ഹെയ്സ്റ്റ് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്‍ഡോ- അറബിക് ചിത്രം ആയിഷയാണ് മഞ്ജുവിന്‍റെ ഈ വര്‍ഷത്തെ മറ്റൊരു റിലീസ്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും എത്തിയിരുന്നു.