മോഹന്‍ലാലിന്‍റെ പുതിയ വീട്ടിലെത്തി മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Web Team  |  First Published Aug 20, 2022, 10:48 PM IST

ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചു


ബിഗ് സ്ക്രീനിലെ പ്രധാന എതിരാളിയെന്ന് ആരാധകര്‍ കണക്കാക്കുമ്പോഴും മോഹന്‍ലാലിനും മമ്മൂട്ടിക്കും ഇടയിലുള്ള ബന്ധം ആഴമേറിയതാണ്. നാല് പതിറ്റാണ്ടിന്‍റെ സമാന്തര സഞ്ചാരത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പ്രേരണയും ഊര്‍ജ്ജവുമായിരുന്നു. ഇരുവരും പലപ്പോഴും അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും പുതിയ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. മോഹന്‍ലാലിന്‍റെ എറണാകുളത്തെ പുതിയ ഫ്ലാറ്റില്‍ ആദ്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെക്കുകയും ചെയ്‍തു.

ഇച്ചാക്ക എന്നു മാത്രമാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്. ഒപ്പം ഒരു സ്മൈലിയും. ലാലിന്‍റെ പുതിയ വീട്ടില്‍ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ വാക്കുകള്‍. പൃഥ്വിരാജ് അടക്കമുള്ള നിരവധി സഹപ്രവര്‍ത്തകര്‍ മോഹന്‍ലാലിന്‍റെ പുതിയ ഫ്ലാറ്റ് നേരത്തെ സന്ദര്‍ശിച്ചിരുന്നു. 

Latest Videos

അതേസമയം മമ്മൂട്ടി ഏറ്റവുമൊടുവില്‍ പങ്കെടുത്ത സിനിമാ ചിത്രീകരണം ശ്രീലങ്കയില്‍ ആയിരുന്നു. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലങ്കയില്‍ മമ്മൂട്ടിയുടെ ആതിഥേയന്‍ ആയപ്പോഴത്തെ ചിത്രം ക്രിക്കറ്റ് താരം സനത് ജയസൂര്യ പങ്കുവച്ചിരുന്നു.

അതേസമയം ജീത്തു ജോസഫ് ചിത്രം റാമിന്‍റെ വിദേശ ഷെഡ്യൂളിനു വേണ്ടി തയ്യാറെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രമാണ് ഇത്. തന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്‍റെ ആശ്വാസത്തിലുമാണ് മോഹന്‍ലാല്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. മോണ്‍സ്റ്റര്‍, എലോണ്‍, റാം, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്‍റെയും വിവേകിന്‍റെയും ചിത്രങ്ങള്‍ എന്നിങ്ങനെ നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്‍റേതായി പുറത്തെത്താനിരിക്കുന്നത്.

ALSO READ : നിഗൂഢത നിറച്ച് മമ്മൂട്ടി; 'റോഷാക്ക്' സെക്കന്‍ഡ് ലുക്ക്

click me!