ജ്യോതികയാണ് കാതലില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്
സാങ്കേതികവിദ്യയിലെ മാറ്റങ്ങളോട് മമ്മൂട്ടിക്കുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. മൊബൈല്‍ ഫോണിലും ക്യാമറയിലും വാഹനങ്ങളിലുമൊക്കെ ഉണ്ടാവുന്ന ഏറ്റവും പുതിയ അപ്ഡേഷനുകള്‍ മനസിലാക്കാനും അവ ഉപയോഗിച്ചുനോക്കാനും ശ്രമിക്കാറുള്ള ആളാണ് അദ്ദേഹം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സംവിധായകന്‍ ജിയോ ബേബിയുടെ മകനായ മ്യൂസിക്കില്‍ നിന്ന് ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍.
അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മ്യൂസിക്. ഇത് സാകൂതം ശ്രദ്ധിക്കുന്ന മമ്മൂട്ടി ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണെന്നാണ് മമ്മൂട്ടി ചോദിക്കുന്ന ഒരു സംശയം. കുട്ടി അത് വിശദീകരിക്കുന്നുമുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അഭിജിത്ത് ആണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജ്യോതികയാണ് കാതലില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ALSO READ : 'സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം'; രാമസിംഹന്‍ അബൂബക്കര്‍ പറയുന്നു