ഇച്ചേച്ചിയും മകള്‍ കല്ലുവും വീട്ടിലേക്ക് വരുന്നുണ്ടെന്ന ചര്‍ച്ചയാണ് സാന്ത്വനം വീട്ടില്‍ പുതുതായി നടക്കുന്നത്.
സ്നേഹവും സന്തോഷവും നിറഞ്ഞ കൂട്ടുകുടുംബത്തെ സ്‌ക്രീനിലേക്ക് പറിച്ചുനടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇണക്ക പിണക്കങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതില്‍ പരമ്പരയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തുടക്കത്തില്‍ അവര്‍ തമ്മിലുണ്ടായിരുന്ന അനിഷ്ടങ്ങളും, നിലവില്‍ ശിവാഞ്ജലിയുടെ പ്രണയവുമെല്ലാം മനോഹരമായ രംഗങ്ങളാണ്.
വിവാഹം കഴിഞ്ഞയുടനെ ശിവനെ ഇഷ്ടമില്ലാതിരുന്ന അഞ്ജലിക്ക്, പോകപോകെയാണ് ഇഷ്ടം കൂടി വന്നത്. വയ്യാതെ കിടക്കുന്ന അമ്മയെ കാണാന്‍ അഞ്ജലിയും ശിവനും പോയതും, അവിടെ വച്ചുനടന്ന സംഭവങ്ങളും, ഇരുവരും അഗാധമായ പ്രണയത്തിലാണെന്നതിനുള്ള തെളിവായിരുന്നു. ശിവനില്‍നിന്നും അഞ്ജലിയെ അകറ്റുകയും, മറ്റൊരു വിവാഹത്തിലേക്ക് എത്തിക്കുകയും ചെയ്യാമെന്നുള്ള അഞ്ജലിയുടെ അമ്മയുടേയും അപ്പച്ചിയുടേയും കുതന്ത്രങ്ങളെയെല്ലാം താരം പാടെ അവഗണിക്കുകയും ചെയ്തിരുന്നു. തനിക്ക് ശിവനെ വെറുപ്പാണെന്ന് വെറുതെ മനക്കോട്ട കെട്ടേണ്ടായെന്നും, ഇദ്ദേഹമില്ലാതെ ഇനി ജീവിക്കാന്‍ പറ്റില്ലെന്നും അഞ്ജലി തുറന്നു പറയുകയും ചെയ്തു.
ഇപ്പോഴിതാ സാന്ത്വനം വീടിനെ അസൂയ വീടാക്കാനായി പുതിയ കഥാപാത്രം എത്തുകയാണ്. ഇച്ചേച്ചിയും മകള്‍ കല്ലുവും വീട്ടിലേക്ക് വരുന്നുണ്ടെന്ന ചര്‍ച്ചയാണ് സാന്ത്വനം വീട്ടില്‍ പുതുതായി നടക്കുന്നത്. ആരാണ് ഇച്ചേച്ചിയെന്ന് ആകാംക്ഷ അടക്കാനാകാതെ വല്ല്യേടത്തിയോട് അഞ്ജലി ചോദിക്കുന്നുണ്ട്. ബാലേട്ടന്റെ അച്ഛന്റെ പെങ്ങളാണെന്നാണ് വല്ല്യേടത്തി മറുപടിയായി പറയുന്നത്.
പെങ്ങള്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞെട്ടാത്ത അപ്പുവും അഞ്ജലിയും ഞെട്ടുന്നത്, പെങ്ങളുടെ മകള്‍ കല്ലുവും വരുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ്. കൂടാതെ കല്ലു വരുന്നുണ്ടെന്ന് പറഞ്ഞ് ശിവന്‍ തുള്ളിച്ചാടുന്നത് കണ്ടപ്പോഴാണ് അഞ്ജലിക്ക് അസൂയ മൂക്കുന്നത്. ആരാകും പുതിയ കഥാപാത്രങ്ങളായെത്തുക എന്നതും പ്രേക്ഷകര്‍ക്ക് ആകാംക്ഷയേകുന്നതാണ്. മനോഹരമായ എപ്പിസോഡുകളാണ് പരമ്പരയില്‍ മുന്നോട്ടുള്ളതെന്ന് സംശയമില്ല. സാന്ത്വനം വീട് അസൂയ വീടാകുന്ന മനോഹര നിമിഷങ്ങള്‍ക്കുവേണ്ടി വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona