മകള്‍ ഖുഷിയെക്കുറിച്ച് ആര്യ ബിഗ് ബോസിലൂടെ പറയാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഖുഷി ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി ആര്യ (Arya Babu) എത്തിയിട്ട് വര്‍ഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് (Badai Bunglow) എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികള്‍ ആര്യയെ ഒരു കലാകാരി എന്ന തരത്തില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ബിഗ് ബോസ് (BiggBoss) എന്ന വലിയ പ്രൊജക്ടിന്റെ ഭാഗമായതോടെയാണ് ആര്യയെ എല്ലാവരും ഇഷ്ടപ്പെടാനും മനസ്സിലാക്കാനും തുടങ്ങിയത്. ബിഗ് ബോസില്‍ നല്ല മത്സരം കാഴ്ചവച്ച മത്സരാര്‍ത്ഥിയായ ആര്യ നിരവധി ആരാധകരെ സ്വന്തമാക്കിയാണ് പുറത്തേക്കെത്തിയത്. ആര്യ എന്നുപറയുമ്പോള്‍ മലയാളിക്ക് ഓര്‍മ്മ വരിക, തമാശയുമായി സ്‌ക്രീനിലെത്താറുള്ള താരത്തെയാണ്. എന്നാൽ അത്ര തമാശയായിരുന്നില്ല തന്‍റെ ജീവിതമെന്ന് പലപ്പോഴും ആര്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബിഗ് ബോസിലൂടെയാണ് ആര്യയുടെ ഡൈവേഴ്‌സിനെക്കുറിച്ചും മറ്റും പ്രേക്ഷകരും ആരാധകരും അറിയുന്നത്. മകള്‍ ഖുഷിയെക്കുറിച്ച് ആര്യ ബിഗ് ബോസിലൂടെ നിരന്തരം പറയാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഖുഷി ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ്. കഴിഞ്ഞദിവസം മകളുടെ പിറന്നാള്‍ ദിനത്തില്‍ ആര്യ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മകള്‍ക്ക് പത്ത് വയസ്സ് തികഞ്ഞെന്നും, പലതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോയപ്പോഴും ഇത്രയുംനാള്‍ തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്റെ ഖുഷിയാണെന്നുമാണ് ആര്യ കുറിപ്പിലൂടെ പറയുന്നത്.
ആര്യയുടെ കുറിപ്പ് വായിക്കാം -
''ഈ ദിവസം അവസാനിപ്പിക്കാനായി എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്.''
''18 ഫെബ്രുവരി 2012. എന്റെ എല്ലാം മാറിമറിച്ച ദിവസം. 21-ാം വയസ്സില്‍ ഞാന്‍ അമ്മയായപ്പോള്‍ എനിക്ക് മാതൃത്വത്തെക്കുറിച്ച് ഒരു ആശയവും അറിയില്ലായിരുന്നു. എന്റെ മുന്നോട്ടുള്ള വഴിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്ത് എനിക്ക് ചെറിയ ഭയം തോന്നിയിരുന്നു. എന്നാല്‍ പിന്നീടായിരുന്നു ഞാന്‍ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം കണ്ടെത്തിയത്.
ഇന്ന് അവള്‍ക്ക് 10 വയസ്സ് തികയുകയാണ്. അവളിപ്പോള്‍ മുതിര്‍ന്ന ഒരു പെണ്‍കുട്ടിയാണെന്ന് എനിക്ക് സങ്കല്‍പ്പിക്കാനേ സാധിക്കുന്നില്ല. അവള്‍ക്ക് എന്നേക്കാളും പൊക്കമുണ്ടെങ്കിലും, അവളുണ്ടായതിനു ശേഷം ഞാനാണ് വളര്‍ന്നതെന്ന് പറയാം. വിവേകവും പക്വതയുമുള്ള അമ്മയായി, ശരിക്കുള്ള ഞാനായി മാറിയതിന് പിന്നിലെ ഒരേയൊരു കാരണം അവളാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍, ഈ പത്ത് വര്‍ഷത്തിനിടയില്‍ എന്റെ കുഞ്ഞ് പല സാഹചര്യത്തിലൂടേയും കടന്നുപോയി. ഞാന്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോളെല്ലാം അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.
പത്ത് വര്‍ഷമായി എന്നോടൊപ്പമുള്ള ഇവളെന്റെ എല്ലാമെല്ലാമാണ്. ഇക്കഴിഞ്ഞ പത്തുവര്‍ഷത്തെ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍, പലപ്പോഴും ഈ ജീവിതം തന്നെ ഉപേക്ഷിച്ചാലോ എന്ന് കരുതിയതാണ്., എല്ലാം അവസാനിപ്പിക്കാന്‍ പല തവണ ആഗ്രഹിച്ചപ്പോള്‍ അതില്‍നിന്നെല്ലാം എന്റെ മനസ്സുമാറ്റി, എന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം എന്റെ ഈ കുഞ്ഞാണ്. അവളുടെ മുഖം, അവളുടെ പുഞ്ചിരി, എന്നോടുള്ള അവളുടെ സ്‌നേഹം. ഇത്രയും കാലം എന്റെ ജീവിതത്തിന്റെ രഹസ്യം അവളായിരുന്നു. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ എന്നെതന്നെ ഇത്രനാള്‍ ജീവനോടെ കാത്തുസൂക്ഷിച്ചത്. അതുകൊണ്ട് അവള്‍ എനിക്ക് എല്ലാ വിധത്തിലും ജീവനാണ്. അതുകൊണ്ടുതന്നെ ഞാന്‍ എന്റെ ജീവിതത്തെ വളരെയധികം സ്‌നേഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്റെ ജീവിതത്തിലേക്ക് വന്നതിന്... എന്റെ എല്ലാമെല്ലാം ആയതിന്.. എന്തായാലും ജന്മദിനാശംസകള്‍ എന്റെ സ്‌നേഹമേ.
ഇന്ന് അവള്‍ക്ക് 10 വയസ്സ് തികയുമ്പോള്‍ ഞങ്ങളുടെ ജീവിതത്തില്‍ 'ഖുഷി' പടര്‍ത്താനും കഴിയട്ടെ (ഖുഷി മകളുടെ വിളിപ്പേരാണ്, കൂടാതെ സന്തോഷം എന്നും അര്‍ത്ഥം). ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും, അവരും എന്റെ കുടുംബം തന്നെയാണ്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. അവള്‍ക്ക് സന്തോഷകരമായ ആശംസകളും അനുഗ്രഹങ്ങളും അയച്ച എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം.''
രഞ്ജിനി ഹരിദാസ്, രേഷ്മ നായര്‍, മീര നന്ദന്‍, ശില്പ ബാല, അപര്‍ണ തോമസ്, ശ്രുതി ലക്ഷ്മി, അനന്യ, സ്വാസിക വിജയ്, ഗായകന്‍ സിദ്ധാര്‍ത്ഥ് തുടങ്ങി വലിയൊരു താരനിരതന്നെ ഖുഷിക്ക് പിറന്നാളാശംസകളുമായി എത്തിയിട്ടുണ്ട്.