'വിവാഹം കഴിക്കുന്നെങ്കില്‍ അങ്ങനെ ഒരാളെ മാത്രം'; 'വാലിബനി'ലെ മാതംഗി പറയുന്നു

By Web Team  |  First Published Jan 27, 2024, 10:54 AM IST

സുചിത്രയുടെ സിനിമാ അരങ്ങേറ്റമാണ് വാലിബന്‍


വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായർ. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നർത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായും സുചിത്ര എത്തിയിരുന്നു. ബി​ഗ് ബോസിൽ വന്നശേഷം ഫൈനലിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും സുചിത്ര പ്രേക്ഷകർക്കിടയിൽ‌ ചർച്ച വിഷയമായിരുന്നു. സിനിമയിലെ അരങ്ങേറ്റം തന്നെ ഏതൊരു അഭിനേതാവും കൊതിക്കുന്ന ചിത്രത്തിലൂടെ ആയതിന്‍റെ സന്തോഷത്തിലാണ് സുചിത്ര ഇപ്പോള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മാതംഗി എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരിക്കുന്നത്. 

തന്റെ കന്നി ചിത്രത്തിന്‍റെ വിശേഷങ്ങൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് സുചിത്ര. സിനിമാ വിശേഷങ്ങൾക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും സുചിത്ര പങ്കുവെച്ചു. "സിനിമയില്‍ ചെറിയ ഒരു റോളാണ് ഞാന്‍ ചെയ്യുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് ലിജോ സര്‍ എന്നെ വിളിച്ചത്. ആദ്യ സിനിമ തന്നെ ഇത്രയും വലിയ ഒരു ക്രൂവിനൊപ്പം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വാലിബനിലെ പാട്ട് ഇറങ്ങിയതിന് ശേഷം സിനിമയില്‍ നിന്ന് ചില അവസരങ്ങളൊക്കെ വരുന്നുണ്ട്. ഒരുപാട് കഥ കേള്‍ക്കുന്നുണ്ട്. ലിജോ സർ ബി​ഗ് ബോസ് കാണുന്ന ഒരാളാണ്. അങ്ങനെ എങ്ങനെയോ ഞാൻ അദ്ദേഹത്തിന്‍റെ കണ്ണിൽപ്പെട്ടു", എന്നാണ് സുചിത്ര പറയുന്നത്.

Latest Videos

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്‍റെ പ്രതികരണം ഇങ്ങനെ- "കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം. ഇപ്പോള്‍ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാള്‍ക്കൊപ്പമായിരുന്നു ഞാന്‍ ഇതുവരെ എന്നത് ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നപ്പോഴാണ് ബോധ്യമായത്", സുചിത മനസ് തുറക്കുന്നു.

ALSO READ : 'മധുരരാജ'യ്ക്ക് ശേഷം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തില്‍; ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!