സ്ക്രീനില്‍ തീ പാറിക്കാന്‍ 'കൊട്ട മധു'; 'കാപ്പ' ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ

By Web Team  |  First Published Jul 26, 2022, 7:38 PM IST

ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് ഷാജി കൈലാസ് ചിത്രമൊരുക്കുന്നത്


കടുവ നേടിയ വിജയത്തിനു ശേഷം ഷാജി കൈലാസും (Shaji Kailas) പൃഥ്വിരാജും (Prithviraj Sukumaran) ഒന്നിക്കുന്ന ചിത്രമാണ് കാപ്പ (Kaapa). ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൊട്ട മധു എന്ന ഗുണ്ടാനേതാവിനെ വീഡിയോയില്‍ കാണാം. വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് ഷാജി കൈലാസ് ചിത്രമൊരുക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന നോവെല്ലയാണ് ശംഖുമുഖി. 2021ല്‍ ചിത്രം പ്രഖ്യാപിച്ച സമയത്ത് വേണു സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പിന്നീട് ഇത് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു. 

Latest Videos

ALSO READ : ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് രണ്‍ബീറിന്‍റെ 'ഷംഷേര'; ഇതുവരെ നേടിയത്

ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ജൂലൈ 15ന് തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന മഞ്ജു വാര്യര്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു. അപര്‍ണ ബാലമുരളിയാണ് പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കുക.

ആസിഫ് അലി, അന്ന ബെന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  

click me!