മലയാള സിനിമാസ്വാദകരുടെ ഇടയിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്സ്‌മേറ്റ്സ്. 90കളുടെ പശ്ചാത്തലത്തിലെ ക്യാമ്പസ് ജീവിതത്തിന്റെ കഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടിയത്.
കലാലയ ജീവിതത്തിലെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവർ തകർത്തഭിനയിച്ച ചിത്രത്തിലെ ഓരോ കഥാപാത്രവും സംഭാഷണവും മലയാളികൾക്ക് ഇന്നും പ്രിയങ്കരമാണ്. ചിത്രം പുറത്തിറങ്ങി പതിനഞ്ച് വർഷം പിന്നിടുമ്പോഴും ആ സൗഹൃദം അതേപടി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ഈ നാൽവർ സംഘം. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നാലുപേരും ചേർന്നുള്ള വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് വൈറലായിരുന്നു. പതിവ് തെറ്റിക്കാതെ ഇത്തവണയും ഒത്തുചേർന്നിരിക്കുകയാണ് ഈ താരങ്ങൾ.
രസകരമായ കുറിപ്പോടെയാണ് പ്രിയതാരങ്ങൾ വീഡിയോ കോളിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. “കൊവിഡ് കാലത്തിന് മുൻപ് സിനിമയിൽ അഭിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഭീകര പ്രവർത്തകർ,” എന്നാണ് ജയസൂര്യ കുറിക്കുന്നത്.
undefined
‘കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തും ഞങ്ങൾ ഇതുപോലെ ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചിരുന്നു. വ്യത്യാസം എന്തെന്നാൽ ഇക്കുറി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലാണ്, കഴിഞ്ഞ തവണ ഉണ്ടായത് പോലെ മരുഭൂമിയുടെ നടുക്ക് അല്ല. രാജ്യം കഴിഞ്ഞ വർഷത്തേക്കാൾ ഭീകരമായ ഒരാവസ്ഥയിൽകൂടെയാണ് പോകുന്നത്. ഞങ്ങൾ ഇത് എഞ്ചോയ് ചെയ്യുന്നുണ്ടെങ്കിലും അടുത്ത തവണ ഇങ്ങനെ ആവാതിരിക്കട്ടെ. എല്ലാവരും സുരക്ഷിതരായിരിക്കുക’, എന്ന് പൃഥ്വിരാജും കുറിച്ചു.
“ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ. എല്ലാം പെട്ടെന്ന് പഴയതുപോലെയാവുമെന്നും ലോക്ക്ഡൗണുകൾ ഇനിയും ഞങ്ങളെ അകറ്റിനിർത്തില്ലെന്നും പ്രതീക്ഷിക്കുന്നു,” എന്നാണ് നരേൻ കുറിക്കുന്നത്. എന്തായാലും ഇവരുടെ ഈ കൂടിച്ചേരൽ ചിത്രങ്ങളും കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് നാൽവർ സംഘത്തിന് ആശംസയുമായി എത്തുന്നത്.
മലയാള സിനിമാസ്വാദകരുടെ ഇടയിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്സ്‌മേറ്റ്സ്. 90കളുടെ പശ്ചാത്തലത്തിലെ ക്യാമ്പസ് ജീവിതത്തിന്റെ കഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടിയത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവർക്ക് പുറമേ കാവ്യാ മാധവൻ, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, സൂരജ് വെഞ്ഞാറമൂട് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ പാട്ടുകൾക്ക് ഇന്നും ആസ്വാദകർ ഏറെയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona