സജ്ജീകരിച്ചത് 8 ക്യാമറകള്‍! 'ജയിലറി'ലെ ട്രക്ക് മറിക്കല്‍ ചിത്രീകരിച്ചത് ഇങ്ങനെ: അപൂര്‍വ്വ വീഡിയോ

By Web Team  |  First Published Sep 22, 2023, 5:04 PM IST

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍


കളക്ഷനില്‍ തമിഴ് സിനിമകള്‍ നേടിക്കൊണ്ടിരിക്കുന്ന കുതിപ്പ് ശ്രദ്ധേയമാണ്. സമീപകാലത്ത് തിയറ്ററുകളിലെത്തി വന്‍ വിജയം നേടിയ ജയിലര്‍ രണ്ടാഴ്ച കൊണ്ട് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 520 കോടി ആയിരുന്നു! തമിഴ് സിനിമയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് കൃത്യമായി മനസിലാക്കി മികച്ച ബിഗ് സ്ക്രീന്‍ അനുഭവം പകരാന്‍ കാശെത്ര മുടക്കാനും ഇന്ന് നിര്‍മ്മാതാക്കള്‍ക്ക് മടിയില്ല. മുടക്കുന്നത് ഇരട്ടിയോ അതിലേറെയോ ആയി തിരിച്ചുകിട്ടുമെന്നതുതന്നെ കാരണം. മേക്കിംഗില്‍ തമിഴ് സിനിമ സമീപകാലത്ത് ആര്‍ജിച്ചിരിക്കുന്ന മികവ് എടുത്തുപറയേണ്ട ഒന്നാണ്. ജയിലറിന്‍റെ കാര്യം തന്നെ എടുത്താല്‍ ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റതായിരുന്നു. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ മാത്രമല്ല, വാഹനങ്ങള്‍ ഉള്‍പ്പെട്ട നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു രംഗത്തിന്‍റെ ബിടിഎസ് പുറത്തെത്തിയിരിക്കുകയാണ്.

ജയിലറിന്‍റെ ട്രെയിലറില്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ രംഗങ്ങളിലൊന്നായിരുന്നു ഒരു പാലത്തിന് മുകളില്‍ ലോറി തലകുത്തനെ മറിയുന്ന രംഗം. എട്ട് ക്യാമറകളാണ് ഈ രംഗത്തിന്‍റെ ചിത്രീകരണത്തിനായി തയ്യാറാക്കി നിര്‍ത്തിയിരുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ക്യാമറകള്‍ എല്ലാം ഓണ്‍ ആണോയെന്ന് വോക്കി ടോക്കിയിലൂടെ ചോദിക്കുന്നുണ്ട് ശിവ. എട്ട് ക്യാമറകളും പ്രവര്‍ത്തിക്കുന്നുവെന്ന ഛായാഗ്രാഹകന്‍ വിജയ് കാര്‍ത്തിക് കണ്ണന്‍റെ മറുപടിക്ക് ശേഷമാണ് ശിവ ട്രക്ക് ഫ്ലിപ്പ് നടത്തിയെടുക്കുന്നത്.

The truck flip pic.twitter.com/XInNw7vE6s

— Vijay Kartik Kannan (@KVijayKartik)

Latest Videos

 

അതേസമയം തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുന്‍ ജയിലര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്. മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ അതിഥിവേഷങ്ങള്‍ക്കൊപ്പം വിനായകന്‍റെ പ്രതിനായക വേഷവും വലിയ കൈയടിയാണ് തിയറ്ററുകളില്‍ നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.

ALSO READ : എന്തുകൊണ്ട് 'ബിലാല്‍' അപ്ഡേറ്റ് വൈകുന്നു? മമ്മൂട്ടിയുടെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!