മാര്‍ക് ആന്‍റണി ട്രെയ്‍ലര്‍ ലോഞ്ച് വേദിയില്‍ വികാരഭരിതനായി താരം
തമിഴ് സിനിമയിലെ ആക്ഷന്‍ നായകന്‍ എന്ന പ്രതിച്ഛായയുള്ള നടനാണ് വിശാല്‍. സിനിമകളുടെ തെരഞ്ഞെടുപ്പിലും ജീവിതത്തിലുമൊക്കെ തന്‍റേതായ വഴികള്‍ സ്വീകരിക്കുന്ന താരം. നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മാര്‍ക്ക് ആന്‍റണിയുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയില്‍ തന്‍റെ വ്യക്തിപരമായ ഒരു സന്തോഷത്തെക്കുറിച്ച് വിശാല്‍ പറഞ്ഞു. ബാച്ചിലര്‍ ആയ താന്‍ മകളെപ്പോലെ കരുതുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു അത്. ഞാന്‍ ഒരു ക്രോണിക് ബാച്ചിലര്‍ ആണെന്ന് നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ എനിക്കൊരു മകളുണ്ട് എന്ന് പറഞ്ഞാണ് സ്റ്റെല്ലാ മേരീസ് വിദ്യാര്‍ഥി ആന്‍റണ്‍ മേരിയെ വിശാല്‍ സദസ്സിന് പരിചയപ്പെടുത്തിയത്.
കന്യാകുമാരി സ്വദേശിനിയായ ആന്‍റണ്‍ മേരി മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള ആളാണ്. സാമ്പത്തികമായി മോശം ചുറ്റുപാടില്‍ നിന്നാണ് വരുന്നതെങ്കിലും പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥിനി. ഇംഗ്ലീഷ് ഭാഷയെ ഏറെ സ്നേഹിക്കുന്ന മേരിക്ക് ചെന്നൈയിലെ പ്രമുഖ കോളെജ് ആയ സ്റ്റെല്ലാ മേരീസില്‍ ബിഎ ഇംഗ്ലീഷ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. പല രീതിയിലും ശ്രമിച്ച് നോക്കിയെങ്കിലും സാധിച്ചില്ല. ഒടുവില്‍ വിശാലിന്‍റെ സുഹൃത്ത് കിംഗ്‍സ്‍ലിയാണ് ആന്‍റണ്‍ മേരിയുടെ കാര്യം താരത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്. മേരിയുടെ അപേക്ഷ പരിശോധിച്ച വിശാല്‍ അവളുടെ ആഗ്രഹം നടപ്പാക്കാനുള്ള പരിശ്രമം വാഗ്‍ദാനം ചെയ്യുകയായിരുന്നു.
undefined
ആന്‍റണ്‍ മേരിയുമായുള്ള തന്‍റെ അടുപ്പത്തെക്കുറിച്ച് വിശാലിന്‍റെ വാക്കുകള്‍ ഇങ്ങനെ- "സ്റ്റെല്ലാ മേരീസില്‍ ബിഎ ഇംഗ്ലീഷ് പഠിക്കണമെന്ന ആഗ്രഹം അറിയിച്ചുള്ളതായിരുന്നു മേരിയുടെ കത്ത്. മറ്റ് ഏതെങ്കിലും കോളെജ് പോലെയല്ല സ്റ്റെല്ലാ മേരീസ് എന്ന് എനിക്കറിയാമായിരുന്നു. അവിടുത്തെ പ്രിന്‍സിപ്പലിനെ ഞാന്‍ വിളിച്ചു. ഞങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടി ഉണ്ടെന്നും അഡ്മിഷന്‍ കിട്ടുമോ എന്നും ചോദിച്ചു. പറ്റില്ലെന്നായിരുന്നു അവിടെനിന്നുള്ള മറുപടി. ഒരു സെമസ്റ്ററിലേക്ക് അവസരം കൊടുക്കുമോ എന്ന് ഞാന്‍ ചോദിച്ചു. അതില്‍ അവള്‍ പ്രൂവ് ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ അധികൃതര്‍ സമ്മതിച്ചു. ഒരു സെമസ്റ്റര്‍ നോക്കാമെന്നും മാര്‍ക്ക് കുറവാണെങ്കില്‍ മുന്നോട്ടുപോകല്‍ സാധ്യമല്ലെന്നും പറഞ്ഞു. പക്ഷേ അവള്‍ ക്ലാസില്‍ ഒന്നാമതായി", വിശാല്‍ പറഞ്ഞു. യൂത്ത് കമ്മിഷന്‍റെ ഭാഗമായി പോര്‍ച്ചുഗലിലേക്ക് പോയിരുന്നു ആന്‍റണ്‍ മേരി. മേരിയെ ഒരു ഐഎഎസ് ഓഫീസര്‍ ആയി കാണണമെന്നാണ് വിശാല്‍ ആഗ്രഹിക്കുന്നതെന്ന് കിംഗ്സ്‍ലി വേദിയില്‍ പറഞ്ഞു.