എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ആണ് താരത്തിന്
വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകര്‍ക്ക് അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്. അഭിനയവും പാട്ടും മാത്രമല്ല പഠനത്തിലും താന്‍ മിടുക്കി തന്നെയാണ് എന്നാണ് അനുമോളുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് തെളിയിക്കുന്നത്.
തന്റെ പത്താംക്ലാസ് ഫലത്തിനൊപ്പം, താരം പങ്കുവച്ച വാക്കുകളും ആരാധകര്‍ നിറകണ്ണുകളോടെ സ്വീകരിച്ചിട്ടുണ്ട്. 'ഈ സന്തോഷ നിമിഷത്തില്‍ അച്ഛനെ മിസ് ചെയ്യുന്നുണ്ട്' എന്നാണ് ഗൗരി കുറിച്ചത്. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ഗൗരി സീരിയലിലേക്കെത്തുന്നത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛന്‍. അമ്മ അമ്പിളിയും ഗായികയാണ്. ചെറുപ്പത്തില്‍ത്തന്നെയായിരുന്നു അച്ഛന്‍ പ്രകാശിന്റെ വിയോഗം. സീരിയല്‍ രംഗത്തുനിന്നും മറ്റുമായി ഒട്ടനവധി ആളുകളാണ് ഗൗരിയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. 'ശരിക്കും മികച്ചതാണ് എന്റെ മാലാഖ ചെയ്തത്.. സന്തോഷം' എന്നാണ് പരമ്പരയില്‍ അച്ഛന്‍ കഥാപാത്രം ചെയ്ത സായ്കിരണ്‍ പറഞ്ഞത്. അനുമോള്‍ പത്തിലായിരുന്നോ എന്നും ചില ആരാധകര്‍ ചോദിക്കുന്നുണ്ട്. തന്റെ പുതിയ സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പം തന്റെ റിസള്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടും ഗൗരി പങ്കുവച്ചിട്ടുണ്ട്.
ഏഴാം വയസ്സില്‍ നാടകത്തിലൂടെയാണ് ഗൗരി അഭിനയ ജീവിതവും പിന്നണി ഗായിക എന്ന നിലയിലേക്കുള്ള ചുവടുവെപ്പും നടത്തുന്നത്. വീല്‍ചെയറിലായ കുട്ടിയെയാണ് നാടകത്തില്‍ ഗൗരി അവതരിപ്പിച്ചത്. ആ കഥാപാത്രത്തിനു വേണ്ടിയാണ് പിന്നണി ഗായികയായി താരം പാടിയതും. ആ ഗാനത്തിലൂടെയാണ് സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് ഗൗരിയെ തേടിയെത്തിയത്.