മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറക്കാത്ത നടനാണ് സൂരജ് സൺ.
മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറക്കാത്ത നടനാണ് സൂരജ് സൺ (Sooraj Sun). സൂപ്പർഹിറ്റ് ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നായ 'പാടാത്ത പൈങ്കിളി' (Padatha painkily)യിലൂടെയാണ് സൂരജ് പ്രേക്ഷകപ്രീതി നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജിപ്പോൾ.
ഇപ്പോഴിത കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഭീഷ്മയിലെ പശ്ചാത്തല സംഗീതത്തോടൊപ്പം സ്ലോമോഷൻ പെർഫോമൻസുമായുള്ള വീഡിയോ ആണ് സൂരജ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'തോൽക്കാൻ എനിക്ക് മനസില്ല, എന്നുള്ള ചങ്കൂറ്റമാണ് നിങ്ങൾക്ക് വേണ്ടത് എന്നാണ് സൂരജ് കുറിക്കുന്നത്. ചില അവസരങ്ങൾ തേടിയുള്ള യാത്രയിലാണ് സൂരജിപ്പോൾ. വേഷമിട്ട ചിത്രങ്ങളും പരസ്യങ്ങളുമെല്ലാം പുറത്തിറങ്ങാനുണ്ടെന്ന സൂചനയും അടുത്തിടെ സൂരജ് പങ്കുവച്ചിരുന്നു.
പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നായിരുന്നു 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷക പ്രിയം നേടിയിരുന്നു. ടിക് ടോക്ക് താരമായി എത്തി മനം കവർന്ന മനീഷയാണ് പരമ്പരയിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്. വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രങ്ങളായി മാറുകയും ചെയ്‍തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പരമായ പ്രശ്‍നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്.
സൂരജിന്റെ മാനുഷിക മുഖം
പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറിയത് ആരോഗ്യകാരണങ്ങൾ കൊണ്ടാണെന്ന് മാത്രമാണ് പ്രേക്ഷകർക്ക് അറിയാവുന്നത്. എന്നാൽ സൂരജിനു പരമ്പരയിൽനിന്നും പിന്മാറേണ്ടി വന്ന യഥാർത്ഥ കാരണം വെളിപ്പെടുത്തി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹം പങ്കുവച്ച കുറിപ്പിൽ സൂരജിന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തെ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ, പാടാത്ത പൈങ്കിളിയിലെ ദേവൻ യഥാർത്ഥ പേര് സൂരജ് സൺ... എന്നു പറഞ്ഞായിരുന്നു ആർഎൽവിയുടെ കുറിപ്പ് തുടങ്ങിയത് . പാടാത്ത പൈങ്കിളിയിൽ അഭിനയിക്കുന്നതിനിടെ വെള്ളത്തിൽ ഒഴുക്കിൽ പെട്ട കുട്ടികളെ സ്വന്തം ജീവൻ നോക്കാതെ എടുത്തുചാടി പാറയിൽ തട്ടി നട്ടെല്ലിന് പരിക്കേറ്റതോടെയാണ് സൂരജ് പരമ്പരയിൽ നിന്ന് മാറിയതെന്നാണ് ആർഎൽവി വെളിപ്പെടുത്തിയിരിക്കുന്നത്.
ആർഎൽവി അന്ന് പങ്കുവച്ച കുറിപ്പ്
ഇദ്ദേഹത്തെ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ. പാടാത്ത പൈങ്കിളിയിലെ ദേവൻ യഥാർത്ഥ പേര് സൂരജ് സൺ. ഇന്ന് എറണാകുളത്ത് നടന്ന പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചടങ്ങിൽ വച്ച് പരിചയപ്പെട്ടതായിരുന്നു. ഒരു സാധാരണക്കാരൻ യാതൊരു ജാഡയുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന കണ്ണൂർക്കാരൻ. മണിച്ചേട്ടനെ ഗോഡ്ഫാദറായി കാണുന്ന ഈ കലാക്കാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.
മഴവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ മുങ്ങി താണപ്പോൾ യാതൊരു മടിയും കൂടാതെ തൻ്റെ ജീവൻ പോലും വകവയ്ക്കാതെ കുട്ടികളെ രക്ഷിക്കാൻ ഒഴുക്കുള്ള പുഴയിലേക്ക് എടുത്തു ചാടി. കനത്ത ഒഴുക്കിൽ പാറകളിൽ തട്ടി നട്ടെല്ലിന് പരിക്ക് പറ്റുകയും സുപ്പർ ഹിറ്റായി ഓടികൊണ്ടിരുന്ന സീരിയലിൽ നിന്ന് പിൻമാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാർത്ഥ കലാകാരൻ . ഇദ്ദേഹത്തിന് ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.