ഓണം റിലീസ് ആണ് കിംഗ് ഓഫ് കൊത്ത
മോഹന്‍ലാല്‍ റെഫറന്‍സുകള്‍ പലപ്പോഴും മലയാളത്തിലെ യുവനിര താരങ്ങളുടെ ചിത്രങ്ങളില്‍ ഇടംപിടിക്കാറുണ്ട്. അത് മോഹന്‍ലാലിന്‍റെ മാനറിസങ്ങളോ അതല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ ഡയലോഗുകളോ ഒക്കെ ആവാം. മോഹന്‍ലാല്‍ മാനറിസങ്ങളില്‍ ഏറ്റവുമധികം അനുകരിക്കപ്പെടാറ് അദ്ദേഹത്തിന്‍റെ തോള്‍ ചെരിച്ചുള്ള നടത്തമാണ്. ഇപ്പോഴിതാ അത്തരത്തില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. തന്‍റെ പുതിയ ചിത്രം കിംഗ് ഓഫ് കൊത്തയുടെ കൊച്ചിയിലെ പ്രീ റിലീസ് ഇവെന്‍റ് വേദിയിലാണ് ദുല്‍ഖര്‍ മോഹന്‍ലാലിനെ അനുകരിച്ചത്. ഏതാനും സെക്കന്‍റുകള്‍ മോഹന്‍ലാലിനെ അനുകരിച്ച് തോള്‍ ചെരിച്ച് നടന്നതിനു ശേഷം സോറി ലാലേട്ടാ എന്നും ദുല്‍ഖര്‍ പറഞ്ഞു. ഷോര്‍ട്സ്, റീല്‍സ് വീഡിയോ ആയി ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം ഇത്തവണത്തെ ഓണം റിലീസുകളില്‍ ഏറ്റവുമാദ്യം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ ചിത്രം ഉയര്‍ന്ന ബജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്നാണ്. ദുല്‍ഖറിന്‍റെ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എത്തുന്നത്. ലോകമാകമാനം റിലീസുമുണ്ട് ചിത്രത്തിന്.
DQ imitating Lalettan in promotions... 😀❤️👏 pic.twitter.com/dcl19SYwJk
— AB George (@AbGeorge_)
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രവുമാണ് കിംഗ് ഓഫ് കൊത്ത. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലുമാണ് ചിത്രം. ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖർ, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക