മമ്മൂട്ടി ചിത്രം വല്യേട്ടൻ റി റിലീസിന് ഒരുങ്ങുകയാണ്.
സിനിമാ മേഖലയിൽ ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. തമിഴ് ഇന്റസ്ട്രിയിൽ നിന്നും തുടങ്ങിയ റി റിലീസ് ഇങ്ങ് കേരളത്തിലും നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാൽ സിനിമകളാണ് നിലവിൽ റി റിലീസ് ചെയ്യപ്പെട്ട മലയാള പടങ്ങൾ. ഇതിൽ ആദ്യം എത്തിയത് സ്ഫടികം ആണ്. പിന്നാലെ ദേവദൂതനും മണിച്ചിത്രത്താഴും എത്തി. സ്ഫടികവും മണിച്ചിത്രത്താഴും തിയറ്ററുകളിൽ ഹിറ്റായ സിനിമകളാണെങ്കിൽ ദേവദൂതൻ പരാജയം നേരിട്ട സിനിമയാണ്. എന്നിരുന്നാലും രണ്ടാം വരവില്‍ മികച്ച കളക്ഷനാണ് ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
നിലവിൽ മണിച്ചിത്രത്താഴ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ദേവദൂതൻ ആണ് മികച്ച കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ള സിനിമ. 5.4 കോടിയാണ് ചിത്രത്തിന്റെ ആഗോള റി റിലീസ് കളക്ഷൻ. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതൻ. രണ്ടാം വരവിൽ കോടിക്ലബ്ബുകൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് നേരത്തെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പറഞ്ഞിരുന്നു. ഇവരെയും അമ്പരപ്പിച്ച് കൊണ്ടുള്ള കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടാം സ്ഥാനം സ്ഫടികത്തിനാണ്. ആടുതോമ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം നേടിയത് 4.95 കോടിയാണ്. മൂന്നാം സ്ഥാനത്ത് മണിച്ചിത്രത്താഴ് ആണ്. ഫാസിന്റെ സംവിധാനത്തിൽ മുപ്പത് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഈ ചിത്രം 4.4 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. ആവർത്തിച്ച് കണ്ടാലും മടിപ്പ് തോന്നാത്ത മണിച്ചിത്രത്താഴിന്റെ കളക്ഷൻ ഇനിയും ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
നിലവിൽ മമ്മൂട്ടി ചിത്രം വല്യേട്ടൻ റി റിലീസിന് ഒരുങ്ങുകയാണ്. അറക്കൽ മാധവനുണ്ണിയായി മമ്മൂട്ടി കസറിയ ചിത്രം ഈ മാസം അവസാനമോ അടുത്ത മാസമോ തിയറ്ററുകളിൽ എത്തുമെന്നാണ് അനൗദ്യോഗിക വിവരം. ഒരു വടക്കൻ വീരഗാഥയും റി റിലീസിന് ഒരുന്നുണ്ടെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..