വിവാഹത്തലേന്ന് തിയറ്ററിലെത്തി മാലയിട്ട് വിജയ് ആരാധകരായ വധൂവരന്മാര്‍; 'ലിയോ' ഫസ്റ്റ് ഷോ കാഴ്ച: വീഡിയോ

By Web Team  |  First Published Oct 19, 2023, 11:50 AM IST

കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ ഉയര്‍ത്തി എത്തിയിരിക്കുന്ന ചിത്രമാണ് ലിയോ


തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. വിജയ് ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് തിയറ്ററുകളില്‍ ആരാധകരുടെ ആവേശക്കാഴ്ചകള്‍ സ്ഥിരമാണ്. ഡിജെ പാര്‍ട്ടികളും കട്ടൌട്ടിലെ പാലഭിഷേകവുമൊക്കെയാണ് സ്ഥിരമായി നടക്കാറുള്ളതെങ്കില്‍ പുതിയ ചിത്രം ലിയോയുടെ റിലീസിന് മുന്‍പ് വേറിട്ട ഒരു കാഴ്ചയും തമിഴ്നാട്ടില്‍ നിന്ന് എത്തിയിട്ടുണ്ട്. കടുത്ത വിജയ് ആരാധകരായ വധൂവരന്മാര്‍ വിവാഹത്തലേന്ന് ലിയോ കളിക്കുന്ന തിയറ്ററിലെത്തി പരസ്പരം മാലയിടുന്നതിന്‍റെ വീഡിയോ ആണത്.

തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ലിയോ റിലീസ് ദിവസം വിജയ് ആരാധകര്‍ വ്യത്യസ്തമായ ഈ ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം ഹാരം ചാര്‍ത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നില്‍ വച്ചായിരുന്നു മാലയിടീല്‍. വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും തിയറ്ററില്‍ ഉണ്ടായിരുന്നു. 

Latest Videos

അതേസമയം കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ ഉയര്‍ത്തി എത്തിയിരിക്കുന്ന ചിത്രമാണ് ലിയോ. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന്‍റെ വിജയത്തിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ ലിയോയ്ക്ക് പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങള്‍ പലതായിരുന്നു. എന്നാല്‍ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാ​ഗമായിരിക്കുമോ എന്നതായിരുന്നു ആരാധക ആവേശത്തിന്‍റെ ഏറ്റവും പ്രധാന കാരണം. അതേസമയം ചിത്രം എല്‍സിയുവിന്‍റെ ഭാ​ഗമായുള്ള മൂന്നാമത്തെ ചിത്രമായാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്. കൈതി, വിക്രം എന്നിവയാണ് ഈ യൂണിവേഴ്സിലെ ആദ്യ രണ്ട് ചിത്രങ്ങള്‍. അഡ്വാന്‍സ് റിസര്‍വേഷനിലൂടെത്തന്നെ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്.

ALSO READ : റിലീസിന് മുന്‍പ് അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ആകെ എത്ര? 'ലിയോ' നേടിയത്

click me!