ഭീമന്‍ രഘുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം
തങ്ങള്‍ ഭാഗഭാക്കാവുന്ന സിനിമകളുടെ പ്രൊമോഷനുവേണ്ടി താരങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുന്ന കാലമാണ് ഇത്. എന്നാല്‍ താന്‍ സംവിധാന അരങ്ങേറ്റം നടത്തുന്ന ചിത്രത്തിനുവേണ്ടി ഭീമന്‍ രഘു (Bheeman Raghu) നടത്തിയതുപോലെയുള്ള ഒരു പ്രൊമോഷണല്‍ ക്യാംപെയ്ന്‍ അപൂര്‍വ്വമായിരിക്കും. താന്‍ സംവിധാനം ചെയ്ത്, കേന്ദ്ര കഥാപാത്രമായി അഭിനയിക്കുകയും ചെയ്യുന്ന ചാണ (Chaana Movie) എന്ന സിനിമയ്ക്കുവേണ്ടി ഒരു യഥാര്‍ഥ ചാണയും ചുമലിലേറ്റി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു മലയാളികളുടെ പ്രിയതാരം.
ചാണ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തമ്മനത്തെ കെ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. കെ സ്റ്റുഡിയോയുടെ പ്രവര്‍ത്തകരാണ് സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇത്തരമൊരു കൗതുകം നിറഞ്ഞ പരിപാടി ആസൂത്രണം ചെയ്തത്. അമ്മാ കത്തി രാകണമാ.. എന്ന വിളികേട്ട് പുറത്തിറങ്ങി നോക്കിയവര്‍ ഒരു കൌതുകക്കാഴ്ചയാണ് കണ്ടത്. ടിപ് ടോപ്പ് വേഷത്തില്‍ കൂളിംഗ് ഗ്ലാസും ധരിച്ച് റോഡിലൂടെ ഒരു ചാണക്കാരന്‍. സൂക്ഷിച്ചുനോക്കിയ പലര്‍ക്കും ആളെ പിടികിട്ടി. മുന്‍പ് സ്ക്രീനില്‍ മാത്രം കണ്ടിട്ടുള്ള സാക്ഷാല്‍ ഭീമന്‍ രഘു. ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങിയ രഘു തമ്മനത്തെ ഒരു ബാര്‍ബര്‍ ഷോപ്പിലെ കത്തി രാകിക്കൊടുത്തു. തന്നെക്കാണാന്‍ അടുത്തുകൂടിയവരോട് തമാശ പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തി സെല്‍ഫിയെടുത്താണ് അദ്ദേഹം മടങ്ങിയത്.
ഭീമന്‍ രഘു പുതിയ വേഷപ്പകര്‍ച്ചയുമായി എത്തുന്ന ചിത്രമാണ് ചാണ. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.
രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഭീമൻ രഘു ആലപിച്ചതാണ്. പുതുമുഖം മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു (ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങി നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്വീറ്റി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ ശശീന്ദ്രന്‍ കണ്ണൂര്‍ ആണ് നിര്‍മ്മാണം, കഥ, തിരക്കഥ, സംഭാഷണം അജി അയിലറ, ഛായാഗ്രഹണം ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍ രാമന്‍ വിശ്വനാഥന്‍, എഡിറ്റിംഗ് ഐജു ആന്‍റു, മേക്കപ്പ് ജയമോഹന്‍, വസ്ത്രാലങ്കാരം ലക്ഷ്മണന്‍, കലാസംവിധാനം അജയ് വര്‍ണ്ണശാല, ഗാനരചന ലെജിന്‍ ചെമ്മാനി, കത്രീന ബിജില്‍, സംഗീതം മുരളി അപ്പാടത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രൂപേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനില്‍ കണ്ടനാട്. ഡിഐ രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ് ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ. പിആര്‍ഒ പി ആര്‍ സുമേരന്‍, ഡിസൈന്‍ സജീഷ് എം ഡിസൈന്‍സ്.