'ഒഴിവാക്കപ്പെട്ടവനിൽ നിന്നും സ്വീകരിക്കപ്പെട്ടവനിലേക്ക്'; ബിസിനസ് ക്ലാസിൽ നിന്നും മാരാർ

By Web Team  |  First Published Sep 2, 2023, 10:14 PM IST

ആരാലും ശ്രദ്ധിക്കപ്പെടാതെ അവ​ഗണിക്കപ്പെട്ട് പരിഹസിക്കപ്പെട്ട് കിടന്ന താൻ ഇപ്പോൾ എമിറേറ്റ്സ് ഫ്ലൈറ്റിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയാണെന്ന് അഖിൽ പറയുന്നു.  


'ഒരു താത്വക അവലോകനം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അഖിൽ മാരാർ. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നിന്നും അഖിൽ‍ പങ്കുവച്ചൊരു വീഡിയോയും അതിൽ പറഞ്ഞ കാര്യങ്ങളുമാണ് ശ്രദ്ധനേടുന്നത്. 

ആരാലും ശ്രദ്ധിക്കപ്പെടാതെ അവ​ഗണിക്കപ്പെട്ട് പരിഹസിക്കപ്പെട്ട് കിടന്ന താൻ ഇപ്പോൾ എമിറേറ്റ്സ് ഫ്ലൈറ്റിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയാണെന്ന് അഖിൽ പറയുന്നു. ഇതെന്റെ ജീവിതമാണ്, പരിശ്രമമാണ്, എന്റെ ഇച്ഛാശക്തിയാണ്, എന്റെ ക്ഷമയാണ്, അതാണ് നിങ്ങൾക്കായി നൽകുന്ന ഉപദേശമെന്നും അതിലൂടെ ആർക്കെങ്കിലും പ്രചോദനമാകുമെന്ന് കരുതുന്നുവെന്നും അഖിൽ പറഞ്ഞു. 

Latest Videos

undefined

അഖിൽ മാരാർ പറയുന്നത്

ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകണം എന്ന ചിന്തയിൽ അതിന് വേണ്ടി ഒരുപാട് പരിശ്രമിക്കുകയും കുറേ ആൾക്കാരുടെ പരിഹാസങ്ങൾ കേൾക്കുകയും ഒക്കെ ചെയ്ത കാലഘട്ടത്തിൽ നിന്നും ഇവിടെ വരെ എത്തി. പണ്ട് ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ പരിപാടിക്കുള്ളത് ഇല്ലെങ്കിലും വണ്ടിക്കൂലിക്ക് ഉള്ള പൈസ എങ്കിലും തരണം എന്നാണ് ഞാൻ പറഞ്ഞത്. അത് പോലും തരാതെ പങ്കെടുത്ത ധാരാളം പരിപാടികൾ ഉണ്ടായിരുന്നു. പല പരിപാടികളിൽ നിന്നും ഒഴിവാക്കപ്പെട്ട കാലം ഉണ്ടായിരുന്നു. ഞാൻ അസിസ്റ്റന്റ് ചെയ്ത സിനിമയ്ക്ക് നാഷണൽ അവാർഡ് ലഭിച്ചിരുന്നു. അപ്പോഴൊന്നും നമ്മളെ ആരും ശ്രദ്ധിച്ചിരുന്നില്ല. നാട്ടിലെ ഒരു ക്ലബ്ബിൽ പോലും എന്നെ വിളിച്ചിട്ടില്ല. സിനിമ സംവിധായകൻ ആയ ശേഷവും ഒരുപാട് ചാനൽ ചർച്ചകൾ ചെയ്ത ശേഷവും പലരും വിളിച്ചു. അവരൊന്നും ഒരു ചെലവ് പോലും തരാനുള്ള സന്മനസ് ഇല്ലായിരുന്നു. ആ കാലഘട്ടത്തിൽ നിന്നും എമിറേറ്റ്സ് ബിസിനസ് ക്ലാസിൽ, ഞാൻ ചോദിച്ച പൈസയും തന്ന് ഷാർജയിൽ ഒരുപരിപാടിയ്ക്ക് വിളിക്കുമ്പോൾ വ്യക്തിപരമായി തോന്നുന്നൊരു അഭിമാനം ഉണ്ട്. ആരൊക്കെ നമ്മളെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും പരിഹസിച്ചാലും മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുക. പരിശ്രമം ആത്മാർത്ഥം ആണെന്നുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് തീർച്ചയായും ഉയർച്ച ഉണ്ടാകും. അതിനോട് ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ. എനിക്ക് ആരെയെങ്കിലും സ്വാധീനിക്കാൻ കഴിയുമെന്ന് കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരെയും പ്രചോദിപ്പിക്കാനൊന്നും എനിക്കറിയില്ല. ഇതെന്റെ ജീവിതമാണ്, പരിശ്രമമാണ്, എന്റെ ഇച്ഛാശക്തിയാണ്, എന്റെ ക്ഷമയാണ്, ഞാൻ നിങ്ങൾക്കായി നൽകുന്ന ഉപദേശം. സന്തോഷം കൊണ്ടാണ് ഈ വീഡിയോ ഇടുന്നത്. ബിസിനസ് ക്ലാസിൽ കാശ് കൊടുത്ത് പോകാൻ എനിക്ക് ഇപ്പോള്‍ പറ്റും. പക്ഷേ മറ്റുള്ളവരാൽ സ്വീകരിക്കപ്പെട്ട് ക്ഷണിക്കപ്പെട്ട ഒരാളായി വരുന്നതിന്റെ സന്തോഷവും അഭിമാനവും പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. 

തിയറ്ററുകൾ ഭരിച്ച് 'കൊത്ത രാജു'; സോഷ്യൽ മീഡിയ ഏറ്റെടുത്ത 'കലാപക്കാര' എത്തി

click me!