തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും
മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഏജന്‍റ്. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇന്ത്യയ്ക്ക് പുറമെ ഹംഗറിയിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഇപ്പോഴിതാ ഹംഗറിയന്‍ ഷെഡ്യൂളില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കേണല്‍ മഹാദേവ് എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഔട്ട്ഡോര്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ എടുത്തിരിക്കുന്ന വീഡിയോ ആണിത്.
സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. റിലീസ് പലകുറി നീട്ടിവച്ച ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് 2023 സംക്രാന്തി റിലീസ് ആയി ചിത്രം എത്തുമെന്നും അറിയിപ്പ് എത്തിയിരുന്നു. എന്നാല്‍ റിലീസ് വീണ്ടും നീട്ടിവച്ച ചിത്രത്തിന്‍റെ ഇപ്പോഴത്തെ റിലീസ് തീയതി ഏപ്രില്‍ 28 ആണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
നാല് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ALSO READ : 'മലൈക്കോട്ടൈ വാലിബനി'ലെ അടുത്ത കാസ്റ്റിംഗ്! മോഹന്‍ലാലിനൊപ്പം ഈ താരങ്ങളും