എ.ആർ റഹ്മാൻ സംഗീതത്തിൽ നിന്ന് ഇടവേള എടുക്കുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് റഹ്മാന്‍റെ മകന്‍.
ചെന്നൈ: എആർ റഹ്മാൻ ഭാര്യ സൈറ ബാനുവിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ സംഗീത രംഗത്ത് നിന്നും ഒരു വർഷത്തേക്ക് ഇടവേള എടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം റഹ്മാൻ ഒരു വർഷത്തേക്ക് വിശ്രമിക്കുമെന്നായിരുന്നു ചില ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോർട്ട്. എന്നാൽ ഇപ്പോള്‍ റഹ്മാന്‍റെ മകൻ എആർ അമീൻ ഈ റിപ്പോർട്ടുകളെക്കുറിച്ചുള്ള പ്രതികരിച്ചിരിക്കുകയാണ്.
റഹ്മാൻ ഇടവേള എടുക്കുന്നില്ലെന്ന് തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ അമീന്‍ വ്യക്തമാക്കി. അദ്ദേഹം ഇടവേള എടുക്കുമെന്ന് അവകാശപ്പെടുന്ന വാർത്തകൾ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നുമല്ലെന്ന് അമീന് പറയുന്നു. അമീൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ റഹ്മാന്‍റെ ഇടവേള സംബന്ധിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിടുകയും അതിനെ "വ്യാജ വാർത്ത" എന്ന് വിളിക്കുകയും ചെയ്തു.
നവംബര്‍ മാസത്തിലാണ് റഹ്മാന്‍റെ ഭാര്യ സൈറ ബാനു തന്‍റെ 29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇത് ശരിക്കും എആർ റഹ്മാൻ ആരാധകരെ ഞെട്ടിച്ചു. 1995 മാർച്ച് 12 ന് വിവാഹിതരായ ദമ്പതികൾ അടുത്ത വർഷം വിവാഹത്തിന് 30 വർഷം തികയുമായിരുന്നു.
വേർപിരിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം റഹ്മാന്‍ സൈറ ദമ്പതികളുടെ മക്കളായ ഖദീജ റഹ്മാൻ, റഹീമ റഹ്മാൻ, എആർ അമീൻ എന്നിവർ മാതാപിതാക്കളുടെ വേർപിരിയലിനോട് പ്രതികരിക്കുകയും എല്ലാവരോടും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ റഹ്മാനും സൈറയോട് പിരിയേണ്ടി വന്നത് സംബന്ധിച്ച് തന്‍റെ എക്സില്‍ പറഞ്ഞിരുന്നു. "മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും.
എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" എന്നാണ് റഹ്മാന്‍ എഴുതിയിരിക്കുന്നത്.
എആർ റഹ്മാൻ-സൈറ ബാനു വിവാഹമോചനത്തിൽ ട്വിസ്റ്റോ? അനുരഞ്ജനം അസാധ്യമല്ലെന്ന് സൈറയുടെ അഭിഭാഷക വന്ദന ഷാ