'ദര്‍ശന്‍ നല്ലവന്‍ സഹായി, അങ്ങനെ ചെയ്യില്ല' : ആരോപണങ്ങൾ വിശ്വസിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് സുമലത

By Web Team  |  First Published Jul 7, 2024, 11:14 AM IST

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സുമലത അംബരീഷ് ദര്‍ശന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് നല്‍കിയ പത്രകുറിപ്പിലാണ് ഈ കാര്യങ്ങള്‍ പറയുന്നത് .


ബെംഗലൂരു: ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജയിലില്‍ കഴിയുന്ന കന്നഡ താരം ദർശൻ തൂക്കുദീപയെ പുകഴ്ത്തി നടിയും രാഷ്ട്രീയ നേതാവുമായ സുമലത അംബരീഷ് രംഗത്ത്. ഗുരുതരമായ കുറ്റത്തില്‍ പ്രതിയാണെങ്കിലും ദര്‍ശന്‍ അത്തരക്കാരനല്ലെന്നും മറ്റുള്ളവരെ സഹായിക്കുന്ന നല്ലവനാണെന്നുമാണ് സുമലത പറയുന്നത്. 

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സുമലത അംബരീഷ് ദര്‍ശന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് നല്‍കിയ പത്രകുറിപ്പിലാണ് ഈ കാര്യങ്ങള്‍ പറയുന്നത് . ദർശനുമായുള്ള ദീർഘകാല ബന്ധം ഉണ്ടെന്ന് സുമലത പറയുന്നു. ദര്‍ശന്‍ തനിക്ക് ഒരു മകനെപ്പോലെയാണെന്ന് പറഞ്ഞു. എന്‍റെ കുടുംബവും ദർശന്‍റെ കുടുംബവും തമ്മിലുള്ള ബന്ധം വലുതാണ്. താരമാകുന്നതിന് മുമ്പ് തന്നെ ദര്‍ശനെ എനിക്ക് 25 വർഷമായി അറിയാം. താരപദവിക്ക് അപ്പുറം ദർശൻ എനിക്ക് ഒരു മകനെപ്പോലെയാണ്. 

Latest Videos

undefined

അതിനാല്‍ തന്നെ കേസില്‍  അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും സുമലത പ്രസ്താവനയില്‍ പറഞ്ഞു. സുമലതയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടക്കം സജീവമായിരുന്ന ദര്‍ശന്‍റെ അറസ്റ്റില്‍ സുമലതയുടെ മൗനം ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സുമലതയുടെ പ്രതികരണം. 

തന്‍റെ നിശബ്ദത ദര്‍ശന് പിന്തുണ നല്‍കാത്തതിന്‍റെ ഭാഗം അല്ലെന്നും പ്രശ്നത്തിന്‍റെ സങ്കീർണ്ണത മൂലമാണെന്നും സുമലത വിശദീകരിച്ചു. ദർശനുമായുള്ള അഗാധമായ വൈകാരിക ബന്ധത്താല്‍ ദര്‍ശനെ അത്തരമൊരു ദുരവസ്ഥയിൽ കാണുമ്പോൾ വേദനയുണ്ടാക്കുന്നുവെന്ന് സുമലത പറഞ്ഞു. “ഒരു അമ്മയും തന്‍റെ മകനെ ഇത്തരമൊരു സാഹചര്യത്തിൽ കാണാൻ ഇഷ്ടപ്പെടുന്നില്ല” സുമലത കുറിപ്പില്‍ പറഞ്ഞു. 

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസിൽ ദർശനും ഇയാളുടെ പങ്കാളി പവിത്ര ഗൗഡയും മറ്റ് 15 പേരും അറസ്റ്റിലാണ്. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് കോടതി ജൂലൈ 18വരെ നീട്ടിയിട്ടുണ്ട്. 

ദർശന്‍റെ കടുത്ത ആരാധകനായ രേണുകസ്വാമി പവിത്ര ഗൗഡയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയച്ചിരുന്നു. അതിനെ തുടര്‍ന്ന് അയാളെ വിളിച്ചുകൊണ്ട് വന്ന് ദര്‍ശനും സംഘവും ബംഗളൂരുവിൽ എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. 

കളക്ഷനില്‍ 106 ശതമാനം വര്‍ദ്ധനവ്; ശനിയാഴ്ച തൂക്കി കല്‍ക്കി 2898 എഡി; ഞെട്ടിച്ചത് ഹിന്ദി മേഖല

ഇന്ത്യന്‍ 2 സംഗീതം എആര്‍ റഹ്മാന്‍ ചെയ്യാത്തത് എന്താണ്?: വെളിപ്പെടുത്തി സംവിധായകന്‍ ഷങ്കര്‍

click me!