കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിഖില.
ജയറാം നായകനായി എത്തിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് നിഖില വിമൽ. ആദ്യ ചിത്രത്തിൽ ചെറുവേഷം ആയിരുന്നുവെങ്കിൽ രണ്ടാം സിനിമയായ ലവ് 24x7ലൂടെ നായികയായി. തിരുവനന്തപുരത്തുകാരിയായി എത്തിയ നിഖിലയുടെ ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇങ്ങോട്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ നിഖിലയ്ക്ക് സാധിച്ചു. തന്റേതായി നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത ആളാണ് നിഖില. പലപ്പോഴും നടിയുടെ പ്രതികരണങ്ങൾ ഏറെ ശ്രദ്ധനേടാറുമുണ്ട്. പിന്നാലെ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങി വിളിപ്പേരും നിഖിലയ്ക്ക് സ്വന്തം. ഇപ്പോഴിതാ ഇത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിഖില.
"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. എന്നെ അടുത്ത് അറിയുന്നവർക്ക് ഞാൻ പണ്ടേ ഇങ്ങനെയൊക്കെ തന്നെയാണ്. ഇപ്പോൾ കുറച്ചു കൂടി അല്ലാതെ ആൾക്കാർ വന്ന് തുടങ്ങിയപ്പോൾ ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. പുതിയതായി പറയുന്നത് ഒന്നുമല്ല. ചെറുപ്പത്തിലെ തന്നെ എന്നെ പറ്റി ഇതുപോലെ പലപല കഥകളുണ്ട്. തർക്കുത്തരമെ ഞാൻ പറയൂ. പണ്ട് ഭാഗ്യദേവത കഴിഞ്ഞപ്പോൾ സത്യൻ അങ്കിളിനെ എന്തിനോ ഫോൺ വിളിച്ചു. അദ്ദേഹം ഫോൺ എടുത്താൽ ആദ്യം പറയുന്നത് ഹലോ ഞാൻ സത്യനാണ് എന്നാണ്. ഞാൻ ഫോൺ വിളിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ, അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ എന്നാണ് മറുപടി കൊടുത്തത്. അപ്പോൾ ഇത് ഞാൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിങ്ങൾ അറിയാൻ വൈകിയത് കൊണ്ടാണ്", എന്നാണ് നിഖില പറയുന്നത്. കഥ ഇന്നുവരെ എന്ന സിനിമയുടെ പ്രമോഷനിടെ വെറൈറ്റി മീഡിയയോട് ആയിരുന്നു നടിയുടെ പ്രതികരണം.
നാല് ദിവസം, വാലിബന്റെ ലൈഫ് ടൈം കളക്ഷൻ തൂക്കി 'എആർഎം' ! വിസ്മയം തീർത്ത് ഓണച്ചിത്രങ്ങളിൽ ഒന്നാമൻ
"മറ്റുള്ളവർക്ക് ആണ് ഇതൊക്കെ തഗ്ഗ് ആയിട്ട് തോന്നുന്നത്. എനിക്കത് വർത്തമാനം പറയുന്നത് പോലെയാണ്. എന്നോട് ഒരാള് പീക്ക് ചെയ്ത് സംസാരിക്കുകയാണെങ്കിൽ അതുപോലെ എനിക്ക് തിരിച്ച് സംസാരിക്കാൻ പറ്റൂ. അതെന്താണ് എന്ന് എനിക്കറിയില്ല. മീഡിയയോട് സംസാരിച്ചാണ് അങ്ങനെയായത്. ചിലർക്ക് അത് ഇഷ്ടപ്പെടും. ചിലർക്ക് അത് അഹങ്കാരമായിട്ട് തോന്നും. ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഇങ്ങനെ ആയിപ്പോയി. എന്ത് ചെയ്യും. വളർത്തു ദോഷം", എന്നും രസകരമായി നിഖില പറഞ്ഞ് അവസാനിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..