ലോക്ക്ഡൗണ്‍ കാലത്ത് ഏഷ്യാനെറ്റ് പ്ലസില്‍ വീണ്ടും ഓമനത്തിങ്കള്‍പക്ഷി റീ ടെലിക്കാസ്റ്റ് ചെയ്യുകയാണ്."എന്റെ ജീവിതം മാറ്റിമറിച്ച സീരിയൽ" എന്ന അടിക്കുറിപ്പോടെ പരമ്പരയെ കുറിച്ചുള്ള ഓര്‍മ പങ്കുവച്ചിരിക്കുകയാണ് ലെന.
രണ്ട് പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിനിടെ മലയാളസിനിമയില്‍ തന്‍റേതായ സ്ഥാനം അടയാളപ്പെടുത്തിയ നടിയാണ് ലെന. പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ഇതിനകം അവര്‍ അവതരിപ്പിച്ചു. 1998ല്‍ എത്തിയ ജയരാജ് ചിത്രം സ്നേഹത്തിലൂടെ ബിഗ് സ്ക്രീനിലെത്തിയ ലെന ചില ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നിതാ ഏഷ്യാനെറ്റില്‍ പ്ലസില്‍ പുന:സംപ്രേഷണം ആരംഭിച്ചിരിക്കുന്നു.
2005-2006 കാലഘട്ടത്തില്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍ത പരമ്പര ഓമനത്തിങ്കള്‍പക്ഷിയാണ് ഏഷ്യാനെറ്റ് പ്ലസ് പുന:സംപ്രേഷണം ചെയ്യുന്നത്. തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ആരംഭിച്ചു. ഈ വിവരം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ തന്‍റെ ജീവിതം മാറ്റിമറിച്ച പരമ്പരയെന്നാണ് ഓമനത്തിങ്കള്‍പക്ഷിയെ ലെന വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാഹശേഷം കുറേ മാസങ്ങള്‍ ലെന അഭിനയരംഗത്തുനിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. ആ സമയത്തായിരുന്നു പരമ്പരയിലേക്ക് ക്ഷണം ലഭിച്ചത്. വലിയ പ്രേക്ഷകപ്രീതി നേടിയ പരമ്പര ലെനയുടെ സിനിമാജീവിതത്തിനും ഗുണകരമായി.