എലനോർ എന്നാണ് കുഞ്ഞിന്റെ പേര്.
സഹോദരി, മകൾ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഐമ റോസ്മി അമ്മയായി. താരത്തിന്റെ ഭർത്താവ് കൊവിൻ പോൾ ആണ് ഈ സന്തോഷ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എലനോർ എന്നാണ് കുഞ്ഞിന്റെ പേര്. സന്തോഷം വിവരം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. നീരജ് മാധവ്, തരുണ്‍ മൂര്‍ത്തി, നമിത,പൂര്‍ണിമ ഇന്ദ്രജിത്ത്, സനിയ, ബാബു ആന്‍റണി തുടങ്ങി ഒട്ടനവധി പേരാണ് കെവിനും ഐമയ്ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.
'ഒൻപത് മാസക്കാലം അവളൊരു നിഗൂഢതയായിരുന്നു. ഒരു ഹൃദയമിടിപ്പ്, ഒരു മൃദുലമായ ചവിട്ടൽ, ഇരുട്ടിൽ ഒരു സ്വപ്നം രൂപംകൊള്ളുക ആയിരുന്നു. ഇന്ന് ആ സ്വപ്നം അവളുടെ കുഞ്ഞി കണ്ണുകൾ തുറന്ന് ഞങ്ങളെ നോക്കി, എൻ്റെ ലോകം ഇവിടെയാണ്. ഒരു നിമിഷത്തിൽ ഈ ലോകം പുതിയതായി അനുഭവപ്പെട്ടു' എന്നാണ് കെവിൻ അച്ഛനായ വിവരം പങ്കുവച്ച് കുറിച്ചത്. ഒപ്പം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016ൽ റിലീസ് ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് ഐമ റോസ്മി വെള്ളിത്തിരയിൽ എത്തിയത്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ നടന്റെ പെങ്ങളുടെ വേഷത്തിലാണ് എത്തിയത്. ഈ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും മീനയുടെയും മകളുടെ വേഷത്തിൽ ഐമ എത്തിയിരുന്നു. പടയോട്ടം, ആർഡിഎക്സ്, ലിറ്റിൽ ഹാർട്ട്സ് തുടങ്ങിയ ചിത്രങ്ങളിലും ഐമ ശ്രദ്ധേയ വേഷങ്ങളിൽ എത്തി.
എമ്പുരാനേ..ഈ പോക്കിതെങ്ങോട്ടാ..; 8-ാം ദിനം കളക്ഷനിൽ ഇടിവ്, മോളിവുഡിന്റെ 250 കോടി പടമാകുമോ ?
2018ൽ ആയിരുന്നു കെവിനും ഐമയും വിവാഹിതരായത്. നിർമാതാവ് സോഫിയാ പോളിന്റെ മകനാണ് കെവിൻ. ഐമയ്ക്ക് ഒരു ഇരട്ട സഹോദരി കൂടിയുണ്ട്. ഐന എന്നാണ് ഇവരുടെ പേര്. ദൂരം എന്നൊരു ചിത്രത്തിൽ ഐനയും ഐമയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..