നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വ്യാപകമായതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ മാനേജർ വിശദീകരണവുമായി രംഗത്തെത്തി.
ചെന്നൈ: തമിഴ് സിനിമ രംഗത്തെ പ്രമുഖ താരമാണ് വിശാല്‍. 1989-ൽ ഒരു തെലുങ്ക് ചിത്രത്തിൽ ബാലതാരമായിട്ടാണ് വിശാല്‍ കരിയർ ആരംഭിച്ചത്. 2004-ൽ ഗാന്ധി കൃഷ്ണ സംവിധാനം ചെയ്ത ചെല്ലമേ എന്ന ചിത്രത്തിലൂടെ നായകനായി ഇദ്ദേഹം അരങ്ങേറി. അതിനുശേഷം, സണ്ഡക്കോഴി, തിമിര്, ശിലപ്പതികാരം, താമിരഭരണി, മലൈക്കോട്ടൈ, സത്യം തുടങ്ങിയ തുടര്‍ച്ചയായ വിജയങ്ങള്‍ വിശാല്‍ നേടി.
ആക്ഷന്‍ റോളുകളില്‍ തന്‍റെ കഴിവ് തെളിയിച്ച വിശാല്‍ തമിഴ് നടികര്‍ സംഘത്തിന്‍റെ പ്രസിഡന്‍റായും നിര്‍മ്മാതാക്കളുടെ സംഘടന നേതാവായും ഒക്കെ പ്രവര്‍ത്തിച്ചിരുന്നു. സംവിധായകൻ ബാല സംവിധാനം ചെയ്ത അവൻ ഇവൻ എന്ന ചിത്രത്തിലെ അഭിനയം അഭിനേതാവ് എന്ന നിലയിലും വിശാലിന് ഏറെ പ്രശംസ നേടിക്കൊടുത്തു.
അതേസമയം ഈ പൊങ്കലിന് 12 കൊല്ലത്തോളം പെട്ടിയിലായിരുന്ന വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി. തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത് കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. വിറച്ച് വിറച്ച് നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ വിജയ് ആന്‍റണിയാണ്.
എന്തായാലും വിശാലിന് കടുത്ത എന്തോ അസുഖം ബാധിച്ചു എന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ വന്നിരുന്നു. അവന്‍ ഇവന്‍ ചിത്രത്തിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണിന് നടത്തിയ ചില ചികില്‍സകള്‍ ഇപ്പോള്‍ വലിയ ആരോഗ്യ പ്രശ്നമായി വിശാലിനെ അലട്ടുന്നുവെന്നാണ് സിനിമ ജേര്‍ണലിസ്റ്റ് ബിസ്മി പറഞ്ഞത്. വിശാലിന് കാഴ്ചയില്‍ അടക്കം പ്രശ്നമുണ്ടെന്നും വാര്‍ത്ത വന്നു.
എന്നാല്‍ അഭ്യൂഹങ്ങള്‍ ശക്തമായതോടെ വിശാലിന്‍റെ മനേജര്‍ ഹരികൃഷ്ണന്‍ ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍. കടുത്ത വൈറൽ പനിയെ തുടര്‍ന്ന് വിശാല്‍ കുറച്ച് ദിവസമായി ബെഡ് റെസ്റ്റിലാണ്. അവിടെ നിന്നും അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്തിനാണ് പരിപാടിക്ക് എത്തിയത് എന്നാണ് മാനേജര്‍ പറയുന്നത്. ഒപ്പം അപ്പോളോ ആശുപത്രിയിലെ ഡോ.വിഎസ് രാജ്കുമാര്‍ വിശാലിന് വിശ്രമം നിര്‍ദേശിച്ച കുറിപ്പും മനേജര്‍ മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. വിശാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയും മാനേജര്‍ നിഷേധിച്ചു. വിശാല്‍ വീട്ടില്‍ തന്നെയാണെന്നും അധികം വൈകാതെ ഭേദപ്പെട്ട് സിനിമയിലേക്ക് മടങ്ങുമെന്നും മാനേജര്‍ അറിയിച്ചു.
അവശത, കൈവിറയ്ക്കുന്നു, സംസാരിക്കാനും വയ്യ; വിശാലിന്റെ വീഡിയോ വൈറൽ, ആശങ്കയിൽ ആരാധകർ, കാരണം
തിയറ്ററുകളിലെ പൊങ്കല്‍, സംക്രാന്തി ആര് നേടും? എത്തുന്നത് 8 ചിത്രങ്ങള്‍