രമേഷ് പിഷാരടി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ എത്തിയത് 'മാളികപ്പുറം' എന്ന ചിത്രമാണ്.
മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ഗായകനും കൂടിയാണ് രമേശ് പിഷാരടി ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ പിഷാരടി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് പോസ്റ്റിന് താരം നൽകുന്ന ക്യാപ്ഷനുകൾ. ഇന്നിതാ തന്റെ വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി.
ഇന്ന് 12മത്തെ വിവാഹ വാർഷികമാണ് പിഷാരടിയും ഭാര്യ സൗമ്യയും ആഘോഷിക്കുന്നത്. "വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹ വാർഷികം", എന്നാണ് പിഷാരടി ഫോട്ടോയ്ക്ക് ഒപ്പം കുറിക്കുന്നത്. പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്തെത്തി.
'പഞ്ചവര്‍ണതത്ത'യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്‍ത ചിത്രമായ 'ഗാനഗന്ധര്‍വനാ'നും രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി. 'നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.
അതേസമയം, മാളികപ്പുറം ആണ് രമേഷ് പിഷാരടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഉണ്ണി മുകുന്ദൻ നായികനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശി ശങ്കറാണ്. 'കല്യാണി 'എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറം'. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, സമ്പത്ത് റാം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 40 കോടി ചിത്രം നേടിക്കഴിഞ്ഞു.
ജോധ്പൂരില്‍ എത്തി മോഹന്‍ലാല്‍; 'മലൈക്കോട്ടൈ വാലിബന്‍' ചിത്രീകരണം നാളെ മുതല്‍