'അയാൾ എന്റെ കാലിൽ വീണു, ഞാൻ ഞെട്ടിപ്പോയി, മമ്മൂട്ടിക്ക് അവിടെയും ഫാൻസുണ്ടോന്ന് ചിന്തിച്ചു, പക്ഷേ..'

By Web Team  |  First Published Jan 15, 2024, 10:54 AM IST

വേഷങ്ങളിൽ നിന്നും വേഷങ്ങളിലേക്കുള്ള മമ്മൂട്ടിയുടെ പരകായപ്രവേശനത്തിനുള്ള ഉദാഹരണമാണ് ഇതെന്നാണ് ആരാധകർ ഒന്നടങ്കം ഈ സംഭവത്തെ കുറിച്ച് പറഞ്ഞത്. 


വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടിയുള്ള മമ്മൂട്ടിയുടെ യാത്ര ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. കാലങ്ങളുടെ പഴക്കമുണ്ടതിന്. അന്‍പതോളം വര്‍ഷം നീണ്ടുനില്‍ക്കുന്ന തന്‍റെ അഭിനയ സപര്യയില്‍ മമ്മൂട്ടി കെട്ടിയാടാത്ത വേഷങ്ങളില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അദ്ദേഹത്തിലെ നടന്‍റെ വ്യത്യസ്തയാര്‍ന്ന പകര്‍ന്നാട്ടങ്ങള്‍ക്ക് ഉദാഹരങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനമായൊരു വേഷം ആയിരുന്നു അംബേദ്കര്‍ സിനിമയിലേത്. 

ഡോ. ബാബാസാഹേബ് അംബേദ്കര്‍ എന്ന ടൈറ്റില്‍ വേഷത്തില്‍ തന്നെയാണ് മമ്മൂട്ടി എത്തിയതും. ഈ ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകള്‍ പലപ്പോഴും പുറത്തുവരികയും അവ വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ബ്രിട്ടിഷ് ഇംഗ്ലീഷ് പഠിച്ചതൊക്കെ. അത്തരത്തിലൊരു രസകരമായ സംഭവം ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് നടന്നിരുന്നുവെന്ന് മമ്മൂട്ടി ഒരിക്കല്‍ തമിഴ് അവാര്‍ഡ് നിശയില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ഇപ്പോൾ വീണ്ടും വൈറൽ ആകുകയാണ്. മമ്മൂട്ടിയുടെ വാക്കുകൾ കേട്ട് സ്റ്റേജിൽ നിന്ന കമൽഹാസൻ നിറഞ്ഞ കയ്യടിയോടെ കേൾക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. 

Latest Videos

undefined

വയലൻസും മാസും സൈഡിലേക്ക് മാറിക്കോ, പ്രഭാസിന് ഇനി ഹൊറർ മോഡ് ! 'രാജാസാബ്' വരുന്നു

"അംബേദ്കറിന്റെ ഷൂട്ടിം​ഗ് പൂനയ് യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുകയാണ്. ഞാൻ കോട്ടും സ്യൂട്ടും ഒക്കെ ധരിച്ച് അംബേദ്കർ വേഷത്തിൽ പുറത്തേക്ക് വന്നപ്പോൾ, വളരെ വെൽ ഡ്രെസിഡായിട്ടുള്ള, നാല്പത് വയസ് തോന്നിപ്പിക്കുന്നയാൾ വന്ന് എന്റെ കാലിൽ വീണു. മമ്മൂട്ടിക്ക് അവിടെയും ഫാൻസ് ഉണ്ടെന്ന് വിചാരിച്ചു. ഞാൻ ഞെട്ടിപ്പോയി. ഇയാള് എന്തിനാണ് എന്റെ കാലിൽ വീഴുന്നതെന്ന് ചിന്തിച്ചു. ഞാൻ പിടിച്ചെഴുന്നേൽപ്പിച്ച് എന്താ ഈ കാണിക്കുന്നേന്ന് ചോദിച്ചു. അദ്ദേഹം അംബേദ്ക്കറുടെ ഫാൻ ആയിരുന്നു. ഇയാൾക്ക് എന്റെ യഥാർത്ഥ മുഖം അറിയില്ല. അദ്ദേഹം കാലിൽ വീണത് എന്റെ അല്ല അംബേദ്ക്കറുടെ കാലിലാണ്. ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ മുന്നിൽ അദ്ദേഹം കരഞ്ഞു. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. അദ്ദേഹം സാധാരണക്കാരനല്ലായിരുന്നു. ആ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ആണ്. അവർക്ക് അംബേദ്കർ എന്ന് പറയുന്നത് ദൈവത്തെ പോലെയാണ്", എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. വേഷങ്ങളിൽ നിന്നും വേഷങ്ങളിലേക്കുള്ള മമ്മൂട്ടിയുടെ പരകായപ്രവേശനത്തിനുള്ള ഉദാഹരണമാണ് ഇതെന്നാണ് ആരാധകർ ഒന്നടങ്കം ഈ സംഭവത്തെ കുറിച്ച് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!