ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടെ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരമാണ് ജയറാം. മിമിക്രി രംഗത്തു നിന്നും വെള്ളിത്തിരയിൽ എത്തിയ ജയറാം പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇങ്ങോട്ട് ധാരാളം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ജയറാമിന് സാധിച്ചു. രസകരമായ സംഭാഷണത്തിലൂടെ സദസ്സിനെ മുഴുവൻ കയ്യിലെടുക്കുന്ന ജയറാമിന്റെ വീഡിയോകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. മിമിക്രിയിൽ ജയറാമിന്റെ മാസ്റ്റർ പീസുകളിൽ ഒന്നാണ് പ്രേം നസീറിനെ അനുകരിക്കുക എന്നത്. ഇപ്പോഴിതാ നടി ഷീലയ്ക്ക് ഒപ്പമുള്ളൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടെ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഷീലയുടെ മുന്നിൽ പ്രേം നസീറിനെ അനുകരിക്കുകയാണ് ജയറാം.“ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ?” എന്നാണ് പ്രേംനസീറിന്റെ അനുകരിച്ച് ജയറാം പറയുന്നത്. ജയറാമിന്റെ മിമിക്രി കേട്ട് ചിരിക്കുന്ന ഷീലയെയും വീഡിയോയിൽ കാണാം.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്. 'ജയറാമേട്ട മനസിനക്കരയിലേക്ക് കൊണ്ടുപോയി, നിങ്ങളൊക്കെയാണ് ജയേട്ടാ അദ്ദേഹത്തിനെ ഇപ്പഴും നിത്യഹരിത നായകനായി നിലനിർത്തുന്നത്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, തെലുങ്കില്‍ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രവി തേജയുടെ പ്രതിനായകനായി എത്തിയ ധമാക്ക ആയിരുന്നു ജയറാമിന്റേതായി അവസാനമെത്തിയ തെലുങ്ക് ചിത്രം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തത് ത്രിനാഥ റാവു നക്കിന ആയിരുന്നു.