50 വയസില്‍ നിര്‍ണ്ണായക രാഷ്ട്രീയ ചുവടുവയ്പ്പ്; മുന്നില്‍ പൂക്കളോ മുള്ളുകളോ ദളപതിയെ കാത്തിരിക്കുന്നത് !

By Web TeamFirst Published Jun 22, 2024, 11:01 AM IST
Highlights

2023 ല്‍ തമിഴകത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവരെ ചെന്നൈയില്‍ എത്തിച്ച് അനുമോദിച്ചിരുന്നു വിജയ്. ഇതിന് പുറമേ അന്നത്തെ പ്രസംഗത്തില്‍ പണം വാങ്ങി വോട്ട് ചെയ്യരുത് എന്നതടക്കം പറഞ്ഞത് വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. 

മിഴകത്തിന്‍റെ ദളപതിയാണെങ്കിലും മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ്. താരം ഇന്ന് അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കള്ളെക്കുറിച്ച് വിഷ മദ്യദുരന്ത സംഭവിച്ചതിനാല്‍ ആഘോഷ പരിപാടികളൊന്നും വേണ്ടെന്ന് താരം തീരുമാനിച്ചിട്ടുണ്ട്. അത് പിന്തുടരുകയാണ് തമിഴകത്തെ ആരാധകരും. എന്നാല്‍ അമ്പത് വയസ് തികയുന്ന വിജയിക്ക് ഈ പിറന്നാള്‍ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം. കാരണം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച രാഷ്ട്രീയ പ്രവേശനം തന്നെയാണ്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് തമിഴക വെട്രി കഴകം അഥവ ടിവികെ എന്ന പാര്‍ട്ടി വിജയ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ അഭിനയിക്കുന്ന വെങ്കിട്ട് പ്രഭു ചിത്രം ദ ഗോട്ടിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത ശേഷം പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് വിജയ് പ്രഖ്യാപിച്ചത്. ഇതിനകം അരക്കോടിയോളം പേര്‍ വിജയിയുടെ പാര്‍ട്ടിയില്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് എടുത്തുവെന്നാണ് അവകാശവാദം. 2026 തമിഴ് നാട് തെരഞ്ഞെടുപ്പാണ് ലക്ഷ്യം എന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. 

നേരത്തെ തുടങ്ങിയ കണക്കുകൂട്ടലുകള്‍

2023 ല്‍ തമിഴകത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവരെ ചെന്നൈയില്‍ എത്തിച്ച് അനുമോദിച്ചിരുന്നു വിജയ്. ഇതിന് പുറമേ അന്നത്തെ പ്രസംഗത്തില്‍ പണം വാങ്ങി വോട്ട് ചെയ്യരുത് എന്നതടക്കം പറഞ്ഞത് വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. 

സിഎഎ എന്‍ആര്‍സിക്കെതിരെ പത്ര പ്രസ്താവന ഇറക്കിയ വിജയ്. തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ദുരിത മേഖലകളില്‍ നേരിട്ടെത്തി ദുരിതാശ്വാസം വിതരണം ചെയ്തതും വാര്‍ത്തയായിരുന്നു. കഴിഞ്ഞ ജന്‍മദിനത്തിന് ഇറക്കിയ ലിയോ എന്ന തന്‍റെ ചിത്രത്തിലെ ഗാനത്തിലും ചില രാഷ്ട്രീയ സൂചനകള്‍ വിജയ് നല്‍കിയത് ശ്രദ്ധേയമായിരുന്നു. അത് അവസാനം ഇറങ്ങിയ ദ ഗോട്ട് ചിത്രത്തിലെ 'പാര്‍ട്ടി' ഗാനത്തിലും കാണാം. 

മെറ്സല്‍ എന്ന ചിത്രത്തിലെ ജിഎസ്ടി ഡയലോഗും അതിനൊപ്പം ഉയര്‍ന്നുവന്ന വിവാദത്തിലും ശേഷമാണ് വിജയ് തന്‍റെ ഗിയര്‍ ഒന്ന് മാറ്റിയത്. വിജയ് താന്‍ ജോസഫ് വിജയ് ആണെന്ന പ്രഖ്യാപനം നടത്തിയതും. 2019 തെരഞ്ഞെടുപ്പ് ദിനം വോട്ട് ചെയ്യാന്‍ സൈക്കിള്‍ ചവുട്ടി പോയതും വിജയ് പരസ്യമായി ഒരു വാക്ക് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയ പ്രസ്താവനകളായി വായിക്കപ്പെട്ടു. സര്‍ക്കാര്‍ എന്ന സിനിമയുടെ കണ്ടന്‍റ് തന്നെ രാഷ്ട്രീയമായി വിലയിരുത്തപ്പെട്ടു എന്നതാണ് സത്യം. സൌജന്യങ്ങള്‍ വാങ്ങി വോട്ട് ചെയ്യുന്നതിനെ പരിഹസിച്ചത് വലിയ ചര്‍ച്ചയായിരുന്നു അന്ന്. ഇതിന്‍റെയെല്ലാം സ്വാഭാവിക പരിവര്‍ത്തനമാണ് കഴിഞ്ഞ ഫെബ്രുവരിയിലെ ടിവികെ പാര്‍ട്ടി രൂപീകരണം. 

ടിവികെയുടെ ഭാവി

തമിഴക രാഷ്ട്രീയത്തില്‍ പുതിയൊരു വഴി തേടുകയാണ് വിജയ് എന്ന് പറയാം. ടിവികെ എന്നതിന്‍റെ പൂര്‍ണ്ണരൂപം തമിഴക വെട്രി കഴകം ആണെങ്കിലും അത് ശരിക്കും ദളപതി വിജയ് കഴകം ആണെന്നാണ് സംസാരം. എംജി രാമചന്ദ്രന്‍ തമിഴക മുഖ്യമന്ത്രിയായി വളര്‍ന്ന രാഷ്ട്രീയ വഴി തമിഴകത്തെ ഏറ്റവും സ്റ്റാര്‍ വാല്യൂ ഉള്ള തനിക്കും ലഭിക്കുമെന്ന് വിജയ് പ്രതീക്ഷിക്കുന്നു. 

തമിഴകത്ത് സിനിമക്കാരുടെ രാഷ്ട്രീയം ഒരു പുതുമയുള്ള വിഷയം അല്ല. കരുണാനിധിയും എംജിആറും പിന്നീട് രണ്ട് വഴി പിരിഞ്ഞെങ്കിലും സിനിമ വഴി ദ്രാവിഡ രാഷ്ട്രീയത്തെ വഴി തെളിച്ച് വന്നവരാണ്. തങ്ങളുടെ സിനിമ താര പ്രഭയാണ് എംജിആറെ പുരൈച്ചി തലൈവറാക്കിയത്. പിന്നീട് ജയലളിതയെ  പുരൈച്ചി തലൈവിയാക്കിയത്. ശിവാജി ഗണേശന്‍ രാഷ്ട്രീയത്തിലും ഒരു കൈനോക്കിയിട്ടുണ്ട്. വിജയകാന്തിന് സ്വന്തം പാര്‍ട്ടിയുണ്ടാക്കി ശോഭിച്ച് കെട്ടടങ്ങിയതാണ്. കമല്‍ഹാസന്‍ മക്കള്‍ മയ്യവുമായി ഇറങ്ങി ഇപ്പോള്‍ ദ്രാവിഡ മുന്നണിയിലാണ്. തന്‍റെ രാഷ്ട്രീയ വഴി തനി വഴിയായി വെട്ടിയെടുക്കാന്‍ നോക്കിയിട്ടും ഒന്നുമാകാതെ പോയത് രജനിക്കാണ്. ശരത്ത് കുമാര്‍, കാര്‍ത്തിക് ഒക്കെ രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും ഒന്നുമല്ലാതായി. അജിത്തിനെ തന്‍റെ പിന്‍ഗാമിയാക്കാന്‍ ജയലളിതയ്ക്ക് താല്‍പ്പര്യമുണ്ടായി എന്നും ഒരു വാര്‍ത്ത കുറേക്കാലം കേട്ടിരുന്നു. 

ഇത്തരത്തില്‍ വിജയിയുടെ രാഷ്ട്രീയ പാതയും ചര്‍ച്ചയാകുകയാണ് തമിഴകത്ത്.വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ വിജയ് വിദ്യാര്‍ത്ഥികളോട് നടത്തി പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. "നിങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചരിത്രം പഠിക്കണം. നമ്മുടെ നേതാക്കളെക്കുറിച്ച് പഠിക്കണം. അംബേദ്ക്കറെയും, കാമരാജിനെയും, പെരിയാറിനെയും പഠിക്കണം. എല്ലാം പഠിക്കണം എന്നിട്ട് നമ്മുക്ക് ആവശ്യമുള്ളത് എടുക്കണം" . സാധാരണ ഒരു തമിഴ് സൂപ്പര്‍താരം ഇത്തരം നേതാക്കളെ പരാമര്‍ശിച്ചാല്‍ ആണ്ണാദുരെ മുതല്‍ കരുണാനിധി, എംജിആര്‍ ചിലപ്പോ ജയലളിത വരെ നീണ്ടേക്കാം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഈ ലിസ്റ്റ് വെട്ടിച്ചുരുക്കിയത് വലിയ രാഷ്ട്രീയ സൂചനയാണ് എന്നാണ് വിലയിരുത്തല്‍.

ഒപ്പം തന്നെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴകത്ത് വന്‍ വിജയം ഡിഎംകെ മുന്നണി നേടി. അതിന് പിന്നാലെ വിജയ് തെരഞ്ഞെടുപ്പിന് ശേഷം അഭിനന്ദിച്ചത് രണ്ട് പാര്‍ട്ടികളെയാണ്. ഒന്ന് സീമാന്‍ നേതൃത്വം നല്‍കുന്ന നാം തമിഴകര്‍ കക്ഷിയെയും, തിരുമാവളവൻ നേതൃത്വം നല്‍കുന്ന വിടുതലെ ചിരുതെ കക്ഷിയെയുമാണ്. ഇതില്‍ നാം തമിഴര്‍ കക്ഷി ഒരു ലോക്സഭ സീറ്റിലും വിജയിച്ചില്ലെങ്കിലും 9 ശതമാനത്തിന് അടുത്ത് വോട്ട് പിടിച്ചു. ഡിഎംകെ മുന്നണിയില്‍ മത്സരിച്ച വിസികെ രണ്ട് സീറ്റുകള്‍ നേടി.  ഇതില്‍ നിന്ന് തന്നെ ഏത് രാഷ്ട്രീയമാണ് വിജയ് മുന്നോട്ട് വയ്ക്കുന്നത് എന്നത് വ്യക്തമാണ്. എന്നാല്‍ ദ്രാവിഡ രാഷ്ട്രീയം ഉഴുതിട്ട മണ്ണില്‍ വിജയ് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. 

പ്രതിസന്ധികള്‍

തമിഴ് സിനിമ ലോകം ഏതാണ്ട് ഭരണകക്ഷിയായ ഡിഎംകെയുടെ നിയന്ത്രണത്തിലാണ് എന്നതാണ് സംസാരം. ഉദയനിധി സ്റ്റാലിന്‍ സ്ഥാപിച്ച റെഡ് ജൈന്‍റ് മൂവീസാണ് തമിഴകത്തെ സിനിമ മാര്‍ക്കറ്റിലെ കരുത്തര്‍. ഈ ആധിപത്യം തുടരും എന്ന് സിനിമ ലോകത്തിന് ഉറപ്പാണ്. തമിഴകത്തെ രാഷ്ട്രീയക്കാരായ സിനിമക്കാരില്‍ മക്കള്‍ മയ്യം കക്ഷിയുണ്ടാക്കിയ നടന്‍ കമല്‍ഹാസന്‍ ഇത്തവണ ഡ‍ിഎംകെ മുന്നണിക്ക് പിന്തുണ നല്‍കുകയാണ് ഉണ്ടായത്. പലയിടത്തും കമല്‍ ഡിഎംകെ പ്രചാരണത്തിനായി ഇറങ്ങുകയും ചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടി ഡിഎംകെ മുന്നണി. പ്രതിപക്ഷം ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് ഡിഎംകെ മുന്നണി തമിഴ്നാട്ടിലെ 39 സീറ്റും തൂത്തുവാരി. ഒപ്പം പോണ്ടിച്ചേരി സീറ്റും ഇന്ത്യ മുന്നണിക്കാണ്. 

എംകെയുടെ വിജയം ശരിക്കും ആശങ്കയിലാക്കുന്നത് രാഷ്ട്രീയ പ്രേവേശനം പ്രഖ്യാപിച്ച ദളപതി വിജയിയെ ആയിരിക്കും എന്നാണ് തമിഴ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ലോക്സഭയിലെ ഡിഎംകെ മുന്നണിയുടെ വിജയം വച്ച് നോക്കിയാല്‍ വിജയ് കരുതും പോലെ പുതിയ പാര്‍ട്ടിയുമായി നിയമസഭയിലേക്ക് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ഇറങ്ങിയാല്‍ വിജയിയുടെ പാര്‍ട്ടിയുടെ പ്രകടനം പരിതാപകരമാകും എന്നാണ് രാഷ്ട്രീയ വ‍ൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ ഏതെങ്കിലും മുന്നണിയെ ആശ്രയിക്കുക എന്നതാണ് വിജയിക്ക് നല്ലതായ മാര്‍ഗ്ഗം. പക്ഷെ അത് ഇതുവരെ പാര്‍ട്ടി രൂപീകരണത്തിലടക്കം പറഞ്ഞ കാര്യങ്ങള്‍ക്ക് എതിരാകുകയും ചെയ്യും. 

വിസികെ നാം തമിഴര്‍ കക്ഷി എന്നിവരോടുള്ള നിലപാട് ഇത്തരം ഒരു കാര്യത്തില്‍ ഊന്നിയാണ്. 10 ശതമാനം വോട്ട് പിടിക്കാന്‍ ടിവികെയ്ക്ക് സാധിക്കും എന്നാണ് വിജയ് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയില്‍ അവര്‍ക്ക് കിട്ടിയ സൂചന. നാം തമിഴര്‍, വിസികെ പോലുള്ള കക്ഷികള്‍ വന്നാല്‍ ഇത് 30 ശതമാനം വരെ വളര്‍ത്താം എന്ന് വിജയി പാര്‍ട്ടി കരുതുന്നു. 

ശക്തമായ ബദല്‍ എന്ന സന്ദേശത്തില്‍ പ്രചാരണം നടത്തി 2026 ല്‍ മാറ്റം ഉണ്ടാക്കാം എന്നാണ് വിജയിയുടെ പാര്‍ട്ടി കരുതുന്നത്. എന്നാല്‍ അതേ ആശയത്തില്‍ വന്‍ സപ്പോര്‍ട്ടില്‍ ബിജെപി തമിഴകത്ത് ഇത്തവണ ലോക്സഭയില്‍ പ്രചാരണം നടത്തിയിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാത്തത് ഒരു പ്രശ്നമായി വിജയിയും അനുഭവിച്ചേക്കും എന്നാണ് വിലയിരുത്തല്‍. 

അതേ സമയം ഇപ്പോള്‍ അഭിനയിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം നിലവില്‍ 'ദളപതി69'എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന ചിത്രം ചെയ്ത ശേഷം പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് എന്നായിരുന്നു വിജയ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ചിത്രം അനിശ്ചിതത്വത്തിലാണ് എന്നാണ് വിവരം. 

നിലവില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരമൂല്യമുള്ള താരമായ ദളപതി വിജയിയുടെ ചിത്രത്തിന് നിര്‍മ്മാതാവ് ഇല്ലെന്നതാണ് അവസ്ഥ. ഇത് കോളിവുഡില്‍ വാര്‍ത്തയാകുന്നുണ്ട്.  വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്‍പുള്ള ചിത്രം എന്ന നിലയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ സിനിമയില്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ തമിഴ് സിനിമ രംഗത്ത് തമിഴ്നാട്ടിലെ ഭരണകക്ഷിയുടെ ശക്തി നന്നായി അറിയാവുന്ന തമിഴ്നാട്ടിലെ വന്‍ പ്രൊഡ്യൂസേര്‍സ് ഒന്നും  'ദളപതി 69' ല്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഒരു അഭ്യൂഹം കോളിവുഡില്‍ പരക്കുന്നുണ്ട്. 

50ാം വയസില്‍ വിജയ്; ദളപതിയുടെ കരിയര്‍ മാറ്റിമറിച്ച ആ മൂന്ന് മലയാള ചിത്രങ്ങള്‍ !

ഒന്നല്ല, രണ്ട് വിജയ്, ത്രസിപ്പിക്കാൻ ദ ഗോട്ട്, ആവേശമുയര്‍ത്തുന്ന ആക്ഷൻ ചേസുമായി വീഡിയോ പുറത്ത്

tags
click me!