ആരാണ് കർസന്ദാസ് മുൽജി ?: മോദി വാഴ്ത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്, ജീവിതം സിനിമയായപ്പോള്‍ കോടതിയുടെ സ്റ്റേ !

By Web Team  |  First Published Jun 18, 2024, 5:57 PM IST

കൃഷ്ണഭക്തരായ പുഷ്ടിമാർഗ് വിഭാഗത്തിലെ വല്ലഭാചാര്യരുടെ അനുയായികള്‍ സമർപ്പിച്ച ഹർജിയിലാണ് ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്ത്  ഉത്തരവ് ഇറക്കിയത്. 


ബോളിവുഡ് താരം ആമീര്‍ ഖാന്‍റെ മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് മഹാരാജ്. യാഷ് രാജ് എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിച്ച് നേരിട്ട് ഒടിടി റിലീസായി എത്താനിരുന്ന ചിത്രത്തിന്‍റെ റിലീസ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഹിന്ദു മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന ചിത്രമാണ് എന്ന നിലയില്‍ നേരത്തെ തന്നെ ബജ്റംഗദള്‍ അടക്കം ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ.

കൃഷ്ണഭക്തരായ പുഷ്ടിമാർഗ് വിഭാഗത്തിലെ വല്ലഭാചാര്യരുടെ അനുയായികള്‍ സമർപ്പിച്ച ഹർജിയിലാണ് ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്ത്  ഉത്തരവ് ഇറക്കിയത്. കർസന്ദാസ് മുൽജി എന്ന പത്രപ്രവര്‍ത്തകന്‍ നടത്തിയ 1860 കളിലെ വിഖ്യാതമായ കേസ് അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സാമൂഹ്യ പരിഷ്കര്‍ത്താവ് എന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് കർസന്ദാസ് മുൽജി.

Latest Videos

undefined

കർസന്ദാസ് മുൽജിയുടെ പ്രശസ്തമായ കേസ്

1860 ഒക്ടോബർ 21 ന് മുംബൈ അന്നത്തെ ബോംബെ ആസ്ഥാനമായുള്ള ഗുജറാത്തി പത്രത്തില്‍ 'യഥാര്‍ത്ഥ ഹിന്ദുമതവും, ഇന്നത്തെ ചില കപടതകളും' എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. പുഷ്ടിമാർഗ് വൈഷ്ണവ വിഭാഗത്തിലെ പ്രമുഖ മതനേതാവ് ജദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് തന്‍റെ സ്ത്രീകളായ അനുയായികളെ ലൈംഗിക ദുരുപയോഗം ചെയ്യുന്നു എന്നാണ് സത്യപ്രകാശ് എന്ന പത്രത്തിന്‍റെ  എഡിറ്റർ കർസന്ദാസ് മുൽജി ഈ ലേഖനത്തിലൂടെ തുറന്നുകാണിച്ചത്. 

അന്നത്തെക്കാലത്ത് ഇത് വലിയ വിവാദത്തിന് തിരികൊളുത്തി. ജദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് വെറും ഒരു സ്വാമിജിയായിരുന്നില്ല അദ്ദേഹം അന്നത്തെ ഏറ്റവും പ്രമുഖനും ശക്തരായ മതനേതാക്കളിൽ ഒരാളായിരുന്നു. കൂടാതെ ഒരു വലിയ അനുയായി കൂട്ടവും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഗുജറാത്തി പത്രത്തില്‍ വന്ന ലേഖനം കാട്ടുതീപോലെ പടര്‍ന്നു. 

ആരോപണത്തെ തുടർന്ന് മുൽജിക്കും പത്രത്തിനുമെതിരെ മഹാരാജ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 50,000 രൂപയാണ് അന്ന് മഹാരാജ് മാനനഷ്ട തുകയായി അവശ്യപ്പെട്ടത്. ഇന്നത്തെ 80ലക്ഷം രൂപയെങ്കിലും മൂല്യം വരും ഈ തുകയ്ക്ക്. 1862-ലെ മഹാരാജ് മുല്‍ജി കേസ് ചൂടേറിയ വിഷയമായി മാറി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന കേസായി മാറി ഇത്. ഒപ്പം ഇന്ത്യന്‍ പത്ര സ്വാതന്ത്ര്യ ചരിത്രത്തിലും നിര്‍ണ്ണായകമായിരുന്നു ഈ കേസ്. 

കർസന്ദാസ് മുൽജിയെന്ന സാമൂഹ്യ പരിഷ്കര്‍ത്താവ്

കൊളോണിയൽ ബോംബെയിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനുമായ കർസൻദാസ് മുൽജിയുടെ ആദ്യത്തെ വഴികാട്ടി പ്രശസ്ത പണ്ഡിതനും കോണ്‍ഗ്രസ് നേതാവുമായ ദാദാഭായ് നവറോജിയായിരുന്നു. സത്യപ്രകാശ് എന്ന സ്വന്തം പത്രം ആരംഭിക്കുന്നതിന് മുമ്പ് മുൽജി ദാദാഭായ് നവറോജിയുടെ ആംഗ്ലോ-ഗുജറാത്തി പത്രമായ റാസ്റ്റ് ഗോഫ്താറില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക പരിഷ്‌കരണങ്ങൾക്കുമായി. പ്രത്യേകിച്ച് വിധവ പുനർവിവാഹം, സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരുടെ അവകാശങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം എന്നും വാദിച്ചത്. 

സമ്പന്നരായ പരിഷ്കരണ ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് 1855-ൽ സത്യപ്രകാശ് ആരംഭിച്ചത്. ആ കാലഘട്ടത്തിൽ പശ്ചിമ ഇന്ത്യയിൽ സാമൂഹിക മാറ്റത്തിന് വിത്ത് പാകുന്നതിൽ മുൽജിയുടെ പ്രവർത്തനം നിർണായകമായിരുന്നു.

സാമൂഹിക പരിഷ്‌കരണങ്ങൾക്ക് കർസന്ദാസ് മുൽജി നൽകിയ സംഭാവനകളെ 2010ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ   നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങളും സാമൂഹിക മാറ്റവും പ്രോത്സാഹിപ്പിക്കുന്നതിൽ മുൽജിയുടെ ശ്രമങ്ങൾ വിലമതിക്കാത്തതാണെന്ന് മോദി അന്ന് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്‍റെ പ്രാധാന്യം വിസ്മരിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. 

'സത്യം പറയുന്നതിൽ അപകർഷത വേണ്ട. സത്യം പുറത്തുവരും. സത്യം മാത്രമേ  ജയിക്കു,  എല്ലാത്തരം അനീതികളോടും അവഗണനകളോടും അപകീർത്തിപ്പെടുത്താൻ ശ്രമങ്ങളോടും പോരാടാനുള്ള ആയുധമായി ഗുജറാത്ത് സത്യത്തിന്‍റെ പാതയെ സ്വീകരിക്കും' മുല്‍ജിയെ അനുസ്മരിച്ച് അന്ന് തന്‍റെ സ്വതന്ത്ര്യദിന അഭിസംബോധനയില്‍ മോദി പറഞ്ഞു. 

മുല്‍ജി vs മഹാരാജ കേസില്‍ സംഭവിച്ചത്

പുഷ്ടിമാർഗ് വൈഷ്ണവ വിഭാഗത്തിലെ ഒരു കുടുംബത്തില്‍ അംഗമായിരുന്നു കർസന്ദാസ് മുൽജിയും എന്നതാണ് കേസില്‍ രസകരമായ വസ്തുത. അതായത് സ്വന്തം സമുദായ നേതാവിനെതിരെയാണ് മുല്‍ജി ആരോപണം ഉന്നയിച്ചത്. 

ഗുജറാത്തിൽ നിന്നും ബോംബെയിലേക്ക് കുടിയേറിയ സമ്പന്നരായ അനുയായികളായിരുന്നു മഹാരാജിന് ഉണ്ടായിരുന്നത്. ഇവര്‍ മുല്‍ജിക്കെതിരെ ഒപ്പുശേഖരണം അടക്കം നടത്തി.  മുല്‍ജി ആരുടെയോ അടിമയായി നിന്ന് സമുദായത്തെ അപമാനിക്കാനാണ് ഇത് ചെയ്യുന്നതെന്ന് ഇവര്‍ പ്രചാരണം അഴിച്ചുവിട്ടു. അതേ സമയം ബോംബെയിലെ തന്‍റെ അനുയായികളെ മുഴുവനും മഹാരാജ് ഒരു മഹായോഗത്തില്‍ വിളിച്ചുവരുത്തി, തനിക്കെതിരെ മൊഴി നൽകുന്നവരെ സമുദായത്തില്‍ നിന്നും പുറത്താക്കുമെന്ന് മുന്നറിയിപ്പും നൽകി.

കേസിന്‍റെ വ്യാപ്തി പരിഗണിച്ച് ബോംബൈ ഹൈക്കോടതി വളരെ ഗൗരവമായാണ് കേസ് പരിഗണിച്ച്. ഒടുവില്‍ വാദങ്ങള്‍ക്ക് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മഹാരാജ് നല്‍കിയ കേസ് ബോംബെ കോടതിയിലെ ബ്രിട്ടീഷ് ജഡ്ജിമാർ തള്ളിക്കളഞ്ഞു. മുൽജിയുടെ ലേഖനത്തെയും വാദങ്ങളെയും പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകൾ നൽകിയിട്ടുണ്ടെന്ന് വിധിന്യായത്തിൽ  ഇവര്‍ വ്യക്തമാക്കി.

മാധ്യമങ്ങളുടെ ശക്തിയുടെ, പത്രപ്രവര്‍ത്തകരുടെ ആധുനിക സമൂഹത്തിലെ സ്ഥാനവും എല്ലാം വിശദീകരിക്കുന്നതാണ് കേസില്‍ ജഡ്ജി ജോസഫ് അർണോൾഡ് എഴുതിയ വിധി. അഭിപ്രായ സ്വതന്ത്ര്യം സംബന്ധിച്ച കേസുകളില്‍ ഇന്നും ഉദ്ധരിക്കുന്ന വരികളാണ് ഈ വിധിയില്‍ ഉള്ളത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കർസന്ദാസ് മുൽജിക്ക് കേസ് നല്‍കിയ മഹാരാജ 11,500 രൂപ നഷ്ടപരിഹാരം നല്‍കാനും ഹര്‍ജി തള്ളി കോടതി ഉത്തരവിട്ടിരുന്നു.

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഈ കേസ്. മതപരവും സാമൂഹികവുമായ ദുരാചാരങ്ങളെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനയ്ക്കും വിമർശനത്തിനും പ്രോത്സാഹനം നൽകുന്ന രീതിയില്‍ ഇന്ത്യയിലെ നിയമ സംവിധാനം ഇടപെട്ട ആദ്യ കേസും ഇതായിരുന്നു. 

ചിത്രത്തിനെതിരായ പ്രതിഷേധം

ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ച് ആദ്യ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ബജ്റംഗദള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ചിത്രം പോസ്റ്ററില്‍ തന്നെ ഹിന്ദു വിരുദ്ധമായി തോന്നുന്നുവെന്നും. തങ്ങളെ കാണിക്കാതെ പടം റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. മുംബൈയിലെ വൈആര്‍എഫ് എന്‍റര്‍ടെയ്മെന്‍റ് ഓഫീസിന് മുന്നില്‍ പ്രതിഷേധം പോലും നടത്തിയിരുന്നു. 

പിന്നീടാണ് മഹാരാജയുടെ സമുദായ അംഗങ്ങള്‍ ഗുജറാത്ത് കോടതിയെ സമീപിച്ചത്. 1862-ലെ മഹാരാജ് കേസിനെ ആസ്പദമാക്കിയുള്ള ചിത്രം പൊതു സമാധാനത്തെ ബാധിക്കുമെന്നും സമുദായത്തിനും ഹിന്ദുമതത്തിന്‍റെയും അനുയായികൾക്കെതിരെ അക്രമത്തിന് പ്രേരണ നൽകുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്ത് നിര്‍മ്മാതാക്കള്‍ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചത്. 

'മഹാരാജ്' എന്ന സിനിമ ഒരു യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എഴുത്തുകാരൻ സൗരഭ് ഷായുടെ പുസ്തകത്തിൽ നിന്നാണ് ഇതിന്‍റെ വിഷയം സ്വീകരിച്ചിരിക്കുന്നത്.  'മഹാരാജ്' സ്റ്റേ ചെയ്തതിനെക്കുറിച്ച് പ്രതികരിച്ച എഴുത്തുകാരൻ സൗരഭ് ഷാ സിനിമയെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തി. വിമര്‍ശിക്കുന്നവര്‍ സിനിമ ആദ്യം കാണണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു. 'സനാതൻ', 'വൈഷ്ണവ്' വിഭാഗങ്ങൾക്ക് എതിരല്ല സിനിമയെന്നും അദ്ദേഹം ഉറപ്പുനൽകി. നേരെമറിച്ച്, ഇത് ഒരു നല്ല സാമൂഹിക മാറ്റം കൊണ്ടുവന്ന ഒരു സാമൂഹിക പരിഷ്കർത്താവിനെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

'മഹാരാജ്', ജൂൺ 14 ന് പ്രീമിയർ ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ജൂൺ 18 ലേക്ക് ഗുജറാത്ത് കോടതി കേസിലെ വാദം മാറ്റിയിരിക്കുന്നതിനാല്‍ ചിത്രം ഇനിയും വൈകാനാണ് സാധ്യത.

ഇന്ത്യന്‍ ബോക്സോഫീസില്‍ മലയാള തിളക്കം; സ്ട്രൈക്ക് റേറ്റില്‍ ഞെട്ടി മറ്റ് ഭാഷക്കാര്‍

പുഷ്പ 2 കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ; വന്‍ അപ്ഡേറ്റ് ഇങ്ങനെ

click me!