ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡ പ്രകാരമുള്ള ശരീര വ്യായാമം ചെയ്യുന്നതിൽ പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാരിൽ പകുതിയോളം പേർ വിമുഖത കാണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്.
വ്യായാമം മനുഷ്യർക്ക് എത്ര പ്രധാനപ്പെട്ടതാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. നമ്മുടെ ശരീരം നന്നായി സംരക്ഷിക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും, നന്നായി തന്നെ ജീവിക്കാനും വ്യായാമം കൂടിയേ തീരൂ. പലരും ഇന്ന് ജിമ്മിൽ പോവുകയും അല്ലെങ്കിൽ ഫിറ്റായിരിക്കാനുള്ള മറ്റ് മാർഗങ്ങൾ തേടുകയും ചെയ്യുന്നുണ്ട്. കാണുന്നവരെല്ലാം വ്യായാമം ചെയ്യുന്നവരാണ്. അപ്പോൾ ഇന്ന് ഇന്ത്യയിലെ ഭൂരിഭാഗം പേരും വ്യായാമത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും എന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ, ആ കരുതൽ തെറ്റാണ്.
undefined
പ്രായപൂർത്തിയായ ഇന്ത്യക്കാരിൽ പകുതി പേരും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള ശരീര വ്യായാമം ചെയ്യാത്തവരാണ് എന്നാണ് പുതിയ ഒരു പഠന റിപ്പോർട്ട് പറയുന്നത്. ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനം ഇന്ത്യയിൽ മടിയന്മാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായും കാണിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡ പ്രകാരമുള്ള ശരീര വ്യായാമം ചെയ്യുന്നതിൽ പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാരിൽ പകുതിയോളം പേർ വിമുഖത കാണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്. 49.4% പേർ വരും ഇത്. ആളുകളെ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ഡിമെൻഷ്യ, ചില അർബുദങ്ങൾ തുടങ്ങിയ അപകടകരമായ രോഗാവസ്ഥകളിലേക്ക് നയിക്കുന്ന ഒരു ടൈം ബോംബാണ് ഈ വ്യായാമമില്ലായ്മ എന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ, പ്രായപൂർത്തിയായവരിൽ മൂന്നിലൊന്ന് പേരും (1.8 ബില്യൺ ആളുകൾ) കൃത്യമായ വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കുന്നതിൽ പരാജയപ്പെടുന്നവരാണ്. ഇതിൽ ശാരീരിക നിഷ്‌ക്രിയത്വത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ആഗോളതലത്തിൽ 12 -ാം സ്ഥാനത്താണ്. 2000 മുതൽ ഇങ്ങനെ വ്യായാമം ഇല്ലായ്മ ആശങ്കാജനകമായ തരത്തിൽ, അതായത് ഇരട്ടിയിലധികമെങ്കിലും വർധിച്ചതായി പഠനം എടുത്തുകാണിക്കുന്നു.
45.7% ആളുകൾ വേണ്ടത്ര വ്യായാമം ചെയ്യാത്ത പാകിസ്ഥാൻ ആണ് ഇന്ത്യക്ക് തൊട്ടുപിന്നിൽ. എന്നാൽ, ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഭൂട്ടാനിൽ 9.9% വും, നേപ്പാളിൽ 8.2% വും മാത്രമാണ് പ്രായപൂർത്തി ആയവരിൽ വേണ്ടത്ര വ്യായാമം ചെയ്യാത്തവർ.
മറ്റൊരു ശ്രദ്ധേയമായ കാര്യം 2022 -ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണ് വ്യായാമങ്ങൾ നടത്തുന്നതിൽ പിന്നിട്ടു നിൽക്കുന്നത്. കണക്കനുസരിച്ച് 57% സ്ത്രീകളും ശാരീരികമായി നിഷ്ക്രിയത്വം പാലിക്കുന്നവരാണ്. പുരുഷന്മാരിലേക്ക് വരുമ്പോൾ ഇത് 42% ആണ്. ഈ പ്രവണത അനിയന്ത്രിതമായി തുടരുകയാണെങ്കിൽ, അടുത്ത ദശകത്തിൽ 300 ബില്യൺ ഡോളറിൻ്റെ ആഗോള ആരോഗ്യ സംരക്ഷണ ഭാരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കാം എന്നാണ് റിപ്പോർട്ട് പറയുന്നത്.
മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് കഠിനമായ വ്യായാമമോ ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. നടത്തം, സൈക്കിൾ ചവിട്ടൽ, വീട്ടുജോലികൾ, കളികൾ എന്നിവയെല്ലാം ആരോഗ്യകരമായ ജീവിതശൈലിക്ക് സഹായകരമാണ്.