Yesudas 60 Years|സുറുമ വിൽപ്പനക്കാരനായ യേശുദാസ്, ​ഗാന​ഗന്ധർവ്വൻ അഭിനേതാവായപ്പോൾ

By Web Team  |  First Published Nov 13, 2021, 7:49 PM IST

യേശുദാസ് എന്ന ​ഗായകന്റെ അഭിനയം മലയാളികൾ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു പി.എ. തോമസ് നിർമിച്ചു സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’.


ഗാനഗന്ധര്‍വ്വന്‍ എന്നു മലയാളി വിളിക്കുന്നതും ആ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നതും ഒരാളെ മാത്രം, ഒരു മുഖം മാത്രം. എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് കാട്ടാശ്ശേരി ജോസഫ് യേശുദാസ്സെന്ന കെ ജെ യേശുദാസ് എത്തിയിട്ട് വർഷങ്ങളാകുന്നു. എന്നാൽ പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് യേശുദാസ് തെളിയിച്ചിട്ടുണ്ട്. ഇവയിൽ ഗായകനായും മുഴുനീള കഥാപാത്രമായും യേശുദാസ് എത്തി. 

എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1965ൽ‍ ഇറങ്ങിയ കാവ്യമേള എന്ന ചിത്രത്തിലാണ് ആദ്യമായി യേശുദാസ് അഭിനയിക്കുന്നത്. ഇതിൽ വയലാർ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം സംവിധാനം ചെയ്ത ‘സ്വപ്നങ്ങൾ...’ എന്ന ഗാനത്തിന്റെ ഒരു ഭാഗം സ്റ്റേജിൽ അവതരിപ്പിക്കുന്ന കെ.ജെ. യേശുദാസ് എന്ന ഗായകനായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. 

Latest Videos

undefined

യേശുദാസ് എന്ന ​ഗായകന്റെ അഭിനയം മലയാളികൾ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു പി.എ. തോമസ് നിർമിച്ചു സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’. സുറുമ വിൽപ്പനക്കാരനായ ഖാദർ. കൊച്ചുണ്ണിയുടെ സഹോദരിയുടെ കാമുകൻ. സിനിമയിലുടനീളമുള്ള വേഷത്തിൽ യേശുദാസ് നിറഞ്ഞഭിനയിച്ചു. പി. ഭാസ്കരൻ രചിച്ച് ബി.എ. ചിദംബരനാഥ് സംഗീതം നൽകിയ ‘സുറുമ നല്ല സുറുമ...’ എന്ന ഗാനം അദ്ദഹം തന്നെ ചിത്രത്തില്‍ പാടിയഭിനയിച്ചു. രംഗത്ത് തുടർന്നിരുന്നെങ്കിൽ തരക്കേടില്ലാത്ത നടനാകാനുള്ള മരുന്ന് തന്റെ പക്കലുണ്ടെന്ന് അദ്ദേഹം ഈ വേഷത്തിലൂടെ തെളിയിക്കുക ആയിരുന്നു.

യേശുദാസ് ഗായകനല്ലാത്ത വേഷം ചെയ്ത ചിത്രങ്ങളിലൊന്നാണ് കെ.പി. പിള്ള സംവിധാനം ചെയ്ത പാതിരാസൂര്യൻ. ഒരു സ്വാമിയുടെ വേഷമായിരുന്നു അദ്ദേഹം ഇതിൽ ചെയ്തത്. ഈ സിനിമയ്ക്ക് സംഗീതപരമായി വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. ഒരേ ഗാനം യേശുദാസും ജയചന്ദ്രനും ആലപിക്കുന്ന വ്യത്യസ്ത ട്രാക്ക് ഇതിലാണ്. ശ്രീകുമാരൻ തമ്പി രചിച്ച് ദക്ഷിണാമൂർത്തി സംഗീതം നൽകിയ ‘സൗഗന്ധികങ്ങളേ വിടരുവിൻ...’ എന്ന ഗാനമായിരുന്നു അത്. 

കുഞ്ചാക്കോ നിർമിച്ചു സംവിധാനം ചെയ്ത അനാർക്കലി എന്ന ചിത്രത്തിൽ അക്ബറിന്റെ ആസ്ഥാന ഗായകൻ താൻസെന്റെ ചരിത്ര വേഷമായിരുന്നു യേശുദാസ് ചെയ്തത്. ഈ സിനിമയിൽ താൻസൻ പാടുന്ന ‘സപ്തസ്വരസുധാ സാഗരമേ...’ എന്ന ഗാനം പിന്നണി പാടിയത് ബാലമുരളീകൃഷ്ണയായിരുന്നു. 

കായംകുളം കൊച്ചുണ്ണിയിലെ സുറുമയ്ക്കു പുറമേ യേശുദാസ് പാടി അഭിനയിച്ച ഏതാനും ഗാനങ്ങൾ കൂടിയുണ്ട്. അനാർക്കലി, പഠിച്ച കള്ളൻ, അച്ചാണി, ഹർഷ ബാഷ്പം, നിറകുടം, കതിർ മണ്ഡപം, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണ് അവ. റൗഡി രാജമ്മ, എന്നു നാഥന്റെ നിമ്മി, തെരുവുനക്ഷത്രങ്ങള്‍ തുടങ്ങി ചിത്രങ്ങളിലും യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. 13 സിനിമയിലേ അഭിനയിച്ചുള്ളൂവെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ് യേശുദാസ് മലയാളത്തിന് സമ്മാനിച്ചത്. 

click me!