പ്രേം നസീര്‍, സഹോദരന്‍ പ്രേം നവാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കെ എസ് ആന്‍റണിയുടെ സംവിധാനത്തില്‍ 1962ല്‍ റിലീസ് ചെയ്യപ്പെട്ട 'കാല്‍പ്പാടുകളി'ലാണ് യേശുദാസ് ആദ്യമായി പാടിയത്
ഏതുമേഖലയിലെയും പ്രശസ്‍തരുടെ ആദ്യകാല പരാജയങ്ങള്‍ പോലെ ചിലത് യേശുദാസിനുമുണ്ട് (Yesudas) പറയാന്‍. പിതാവ് സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫില്‍ നിന്ന് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ച യേശുദാസ് പിന്നീട് തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളെജ് എന്നിവിടങ്ങളിലും പഠിച്ചു. ഗാനഭൂഷണം പാസായതിനു ശേഷമാണ് ആകാശവാണി നടത്തിയ ശബ്‍ദപരിശോധനയില്‍ യേശുദാസ് പങ്കെടുത്തത്. പക്ഷേ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടില്ല. കരിയറിന്‍റെ ആദ്യ ഘട്ടത്തിലെ മറ്റൊരു തിരസ്‍കാരം ഒരു സിനിമയിലെ പിന്നണി പാടാനുള്ള അവസരം തൊട്ടരികത്തുവന്ന് മടങ്ങിയതാണ്. പി വി കൃഷ്‍ണയ്യരുടെ സംവിധാനത്തില്‍ 1950ല്‍ പുറത്തെത്തിയ 'നല്ല തങ്ക' എന്ന ചിത്രമായിരുന്നു ഇത്.
ഉദയയുടെ ബാനറില്‍ കുഞ്ചാക്കോ സഹനിര്‍മ്മാതാവായിരുന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ ഒരുക്കിയത് വി ദക്ഷിണാമൂര്‍ത്തിയായിരുന്നു. അക്കാലത്ത് സ്‍കൂള്‍ വിദ്യാര്‍ഥിയായിരുന്ന യേശുദാസ് കച്ചേരികളിലൂടെ ശ്രദ്ധേയനായിരുന്നു. കൗമാരക്കാരനായ യേശുദാസിനെ ഒരു ഗാനം ആലപിക്കാനായി ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ തിരിച്ചടിയില്‍ പതറാതെ സജീവമായി സംഗീത പഠനം തുടരുകയായിരുന്നു യേശുദാസ്. ഒപ്പം അവസരങ്ങള്‍ക്കായി അദ്ദേഹം ശ്രമങ്ങളും തുടര്‍ന്നു. 11 വര്‍ഷത്തിനുശേഷമാണ് ഒരു സിനിമയില്‍ ആദ്യമായി പിന്നണി പാടാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്, 21-ാം വയസ്സില്‍.
undefined
പ്രേം നസീര്‍, സഹോദരന്‍ പ്രേം നവാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കെ എസ് ആന്‍റണിയുടെ സംവിധാനത്തില്‍ 1962ല്‍ റിലീസ് ചെയ്യപ്പെട്ട 'കാല്‍പ്പാടുകള്‍' ആയിരുന്നു ചിത്രം. എം ബി ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന് സംഗീതം പകര്‍ന്നത്. സിനിമാഗാനങ്ങളും ശാസ്ത്രീയ ഗാനങ്ങളുമൊക്കെ ആലപിക്കാന്‍ പറഞ്ഞ് ടെസ്റ്റിംഗ് നടത്തിയിട്ടാണ് എം ബി ശ്രീനിവാസന് യേശുദാസിനെ ബോധിച്ചത്. മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിംഗ്. മൂന്നു ഗാനങ്ങള്‍ ചിത്രത്തില്‍ യേശുദാസ് ആലപിച്ചിട്ടുണ്ടെങ്കിലും ആദ്യം റെക്കോര്‍ഡ് ചെയ്‍തത് 'ജാതിഭേദം മതദ്വേഷം' എന്നാരംഭിക്കുന്ന ശ്രീനാരായണ ഗുരുവിന്‍റെ വരികളായിരുന്നു. തുടക്കക്കാരന്‍റെ പരിഭ്രമം ഉണ്ടാവേണ്ടെന്നു കരുതി റിഹേഴ്സല്‍ എന്നു പറഞ്ഞാണ് എംബിഎസ് യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചത്. ഗുരുസൂക്തം പാടി സിനിമയിലെ സംഗീതജീവിതം ആരംഭിക്കാനായതിലെ സന്തോഷം യേശുദാസ് പലയിടത്തും പങ്കുവച്ചിട്ടുണ്ട്.
തൊട്ടു പിറ്റേവര്‍ഷം കുഞ്ചാക്കോയുടെ സംവിധാനത്തിലെത്തിയ 'ഭാര്യ'യിലെ ഗാനങ്ങളാണ് യേശുദാസിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത്. ജി ദേവരാജന്‍ സംഗീതം പകര്‍ന്ന ഗാനങ്ങളൊക്കെ ഹിറ്റായിരുന്നു. 'പഞ്ചാര പാലുമുട്ടായി' ഉള്‍പ്പെടെ മൂന്ന് ഗാനങ്ങളാണ് യേശുദാസ് ചിത്രത്തില്‍ ആലപിച്ചത്. മലയാള സിനിമാഗാനരംഗത്തേക്ക് കടന്നുവന്നിരിക്കുന്ന പുതിയ പ്രതിഭ പ്രമുഖ സംഗീത സംവിധായകരുടെയൊക്കെ ആദ്യ ചോയ്‍സ് ആവുന്ന കാഴ്ചയായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍. യേശുദാസിനെ ആദ്യം തഴഞ്ഞ വി ദക്ഷിണാമൂര്‍ത്തി, എം ജി ശ്രീനിവാസന്‍, ജി ദേവരാജന്‍, ബ്രദര്‍ ലക്ഷ്‍മണന്‍, എം എസ് ബാബുരാജ് എന്നിവരൊക്കെ അക്കൂട്ടത്തില്‍ പെടുന്നു. പിന്നീടുള്ള ആറ് പതിറ്റാണ്ടുകള്‍ മലയാളി ഈ സ്വരത്തിലൂടെ വീണ്ടുംവീണ്ടും കേള്‍ക്കുന്നു.